ഗുജറാത്തിൽ കാളവണ്ടിയിൽ യാത്രചെയ്ത് രാഹുൽ
text_fieldsഗാന്ധിനഗർ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലൂടെ നടത്തുന്ന ത്രിദിന യാത്രയുടെ ആദ്യ ദിനം കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ എതിരേൽക്കാനെത്തിയത് വൻ ജനക്കൂട്ടം. സൗരാഷ്ട്ര മേഖലയിൽ ഉടനീളം കടന്നുപോവുന്ന വഴിയുടെ ഇരുവശങ്ങളിലും ആയിരങ്ങളാണ് നിലയുറപ്പിച്ചത്. ഒറ്റ ദിനംകൊണ്ട് ക്ഷേത്രനഗരമായ ജാംനഗറിൽനിന്ന് ദ്വാരക വരെ തുറന്ന ജീപ്പിൽ 135 കിലോമീറ്റർ സഞ്ചരിക്കാനായിരുന്നു രാഹുലിെൻറ പദ്ധതിയെങ്കിലും സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നൽകിയില്ല.
എന്നാൽ, യാത്രയിൽ ഒരിടത്ത് ഹഞ്ജാരപ്പാർ ഗ്രാമത്തിലൂടെ കാളവണ്ടിയിൽ സഞ്ചരിച്ച് അവിടത്തെ കർഷകരോട് അദ്ദേഹം സംസാരിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജുമായ അശോക് ഗെഹ്ലോട്ടും േകാൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഭരത്സിങ് സോളങ്കിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്.നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സമ്പദ്ഘടനക്ക് കനത്ത അടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെന്ന് വട്താര ഗ്രാമവാസികളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു. ജി.എസ്.ടിയിലൂടെ ചെറുകിട കച്ചവടക്കാരെയും വേദനിപ്പിച്ചു.
സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ജനവിഭാഗത്തിനിടയിൽ ബി.ജെ.പിക്ക് ഒരു ഇടവും ഇല്ലാതായി. എന്നാൽ, സമ്പന്നർക്കായി അവർ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. യാത്രയുെട ആദ്യഘട്ടം ഇൗ മാസം 27ന് രാജ്കോട്ട് ജില്ലയിലെ ജേത്പുരിൽ അവസാനിക്കും. രണ്ടാംഘട്ടം ഒക്ടോബർ നാലു മുതലും മൂന്നാം ഘട്ടം ഒക്ടോബർ രണ്ടാം വാരത്തിലുമാണ്. മൂന്നു ഘട്ടങ്ങളിലായി 58 അസംബ്ലി മണ്ഡലങ്ങളിലൂടെയും അദ്ദേഹം കടന്നുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.