പാർലമെന്‍റിലെ പ്രസംഗത്തിൽ ഇ.ഡി എനിക്കെതിരെ റെയ്ഡിനൊരുങ്ങുന്നുണ്ട്, ഇരുകൈയും നീട്ടി കാത്തിരിക്കുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: ജൂലൈ 29 ന് പാർലമെന്‍റിൽ നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തെത്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) തനിക്കെതിരെ റെയ്ഡ് നടത്താൻ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് ഉള്ളിലുള്ള ചിലർ പറഞ്ഞെന്നും തുറന്ന കൈകളോടെ താൻ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
എക്സിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ‘പ്രത്യക്ഷത്തിൽ 2ൽ1നും എന്‍റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഇ.ഡിയിൽ ഉള്ളിലുള്ളവർ പറയുന്നു, ഒരു റെയ്ഡ് ആസൂത്രണം ചെയ്യുകയാണെന്ന്. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്ക്കറ്റും എന്‍റെ വക’ -രാഹുൽ കുറിച്ചു.
ജൂലൈ 29ന് ലോക്‌സഭയിൽ കേന്ദ്ര ബജറ്റിന്മേൽ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചുള്ള പ്രസംഗമാണ് രാഹുൽ നടത്തിയിരുന്നത്. ‘‘ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടിൽ, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽപെട്ട അവസ്ഥയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.’’ -എന്നാണ് രാഹുൽ പാർലമെന്റിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.