എൻ.ഡി.എ സർക്കാറിന്റെ നയം പരാജയം; ജമ്മുകശ്മീർ ഭീകരാക്രമണത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജമ്മുകശ്മീർ നയത്തിൽ എൻ.ഡി.എ സർക്കാറിനെ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലെ പോസ്റ്റിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. എൻ.ഡി.എ സർക്കാറിന്റെ നയങ്ങൾ ജമ്മുകശ്മീരിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞു.
ജമ്മുകശ്മീരിലെ ഗുൽമാർഗിൽ ഭീരുക്കളായ ചിലർ സൈനിക വാഹനത്തെ ആക്രമിക്കുകയും സൈനികർ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവം അതീവ ദുഃഖകരമാണ്. രണ്ട് പോർട്ടർമാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാറിന്റെ നയങ്ങൾ പൂർണമായും പരാജയപ്പെട്ടു. അവരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് താഴ്വരയിൽ സമാധാനം സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സൈന്യത്തിന്റേയും പൊതുജനങ്ങളുടേയും സുരക്ഷ കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് സിവിലയൻമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയ റൈഫിൾസിനേയും സിവിലിയൻ പോർട്ടർമാരേയും വഹിച്ച് കൊണ്ട് പോകുന്ന വാഹനവ്യൂഹത്തിന് നേരെ നാഗിൻ പോസ്റ്റിൽവെച്ച് ആക്രമണം നടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.