വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ നഴ്സുമാരുമായി രാഹുലിൻെറ കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ഡോക്ടേഴ്സ് ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തി. അനുഭവജ്ഞാനത്തിൻെറ വെളിച്ചത്തിൽ കോവിഡ് പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന് നഴ്സുമാർ ചർച്ചയിൽ വിശദീകരിച്ചു.
ഡൽഹി എയിംസിൽ നിന്നും മലയാളി കൂടിയായ നഴ്സ് വിപിൻ കൃഷ്ണൻ, ന്യൂസിലൻഡിൽ നിന്നും അനു രാഗ്നാഥ്, ആസ്ത്രേലിയയിൽ നിന്നും നരേന്ദ്ര സിങ്, ബ്രിട്ടണിൽ നിന്നും ഷെൽലിമോൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറന്നതിലുള്ള പരിഭവമായിരുന്നു ഡൽഹി എയിംസിൽ ജോലിചെയ്യുന്ന മലയാളിയായ വിപിൻ കൃഷ്ണക്ക് പറയാനുണ്ടായിരുന്നത്. തനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും ഇപ്പോഴും ക്വാറൻറീനിൽ തുടരുകയാണെന്നും വിപിൻ പറഞ്ഞു. സുഖം പ്രാപിച്ചാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ തയ്യാറാണെന്നും വിപിൻ അറിയിച്ചു.
പ്രധാനമന്ത്രി ജസീന്ത ആർഡൻെറ നടപടികൾ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായെന്ന് ന്യൂസിലൻഡിൽ ജോലിചെയ്യുന്ന അനു രാഗ്നാഥ് അഭിപ്രായപ്പെട്ടു. കോവിഡിനെതിരായ പോരാട്ടത്തിൻെറ മുന്നണിപ്പോരാളികളോട് വളരെയധികം കടപ്പാടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.