എം.പിമാർക്കെതിരെ പൊലീസ് നടപടി; കോൺഗ്രസ് പ്രതിനിധിസംഘം തിങ്കളാഴ്ച രാഷ്ട്രപതിയെ കാണും
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് സത്യാഗ്രഹം ചെയ്യാൻ എത്തിയ പാർട്ടി എം.പിമാരെ പൊലീസ് തെറ്റായ രീതിയിൽ കൈകാര്യം ചെയ്തു എന്നാരോപിച്ച് കോൺഗ്രസ് പ്രതിനിധി സംഘം തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
പൊലീസുകാരുടെ ക്രൂരവും ന്യായീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എം.പിമാർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്നലെ കത്ത് അയച്ചിരുന്നു.
തുടർച്ചയായ മുന്നു ദിവസമാണ് രാഹുൽ ഗാന്ധിയെ നാഷണൽ ഹെർഡ് കേസിൽ ഇ.ഡി ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ ഗാന്ധിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ അസുഖം മാനിച്ച് ചോദ്യം ചെയ്യൽ മാറ്റാൻ അദ്ദേഹം അഭ്യർഥിച്ചതിനെ തുടർന്ന് ഇന്നത്തെ ചോദ്യം ചെയ്യൽ മാറ്റുകയായിരുന്നു.
പാർട്ടി ആസ്ഥാനത്ത് ഡൽഹി പൊലീസ് സംഘർഷാവസ്ഥ സൃഷ്ടിച്ചു എന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഇ.ഡി ഓഫിസിലേക്ക് പ്രകടനം നടത്താൻ ഒരുങ്ങിയ നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേൽ, എം.പിമാരായ വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഒരു പ്രകോപനവുമില്ലാതെ പാർട്ടി പ്രവർത്തകരെ അക്രമിച്ചതിന് ഡൽഹി പൊലീസിനെതിരെ കോൺഗ്രസ് ബുധനാഴ്ച പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.