രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു-വിഡിയോ
text_fieldsന്യൂഡൽഹി: നാമനിർദേശ പത്രിക സമർപ്പണത്തിന്‍റെ അവസാന ദിവസം വരെ സസ്പെൻസ് നിലനിർത്തിയതിനൊടുവിൽ സുരക്ഷിത മണ്ഡലമായ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയാക്കി കോൺഗ്രസ്. രാഹുൽ കഴിഞ്ഞതവണ തോറ്റ അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തനായ കിരോരിലാൽ ശർമയാണ് സ്ഥാനാർഥി. കുടുംബവാഴ്ച ബി.ജെ.പി പ്രചാരണ ആയുധമാക്കുമെന്ന തിരിച്ചറിവിൽ പ്രിയങ്ക ഗാന്ധി ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചു.
റായ്ബറേലിയിൽ ജയം ഉറപ്പിക്കാമെന്നിരിക്കെ, വയനാട് മണ്ഡലം രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനു ശേഷം കൈവിട്ടേക്കാമെന്ന സന്ദേശം കേരളത്തിൽ ഉയർത്തിക്കൊണ്ടുകൂടിയാണ് കോൺഗ്രസിന്‍റെ സസ്പെൻസ്. വെള്ളിയാഴ്ച രാവിലെ മാത്രമാണ് അഭിമാന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഏറെ വൈകാതെ, വരണാധികാരി കൂടിയായ റായ്ബറേലി ജില്ല മജിസ്ട്രേറ്റ് മുമ്പാകെ പൂർണ നേതൃപ്രഭയോടെ രാഹുൽ പത്രിക സമർപ്പിച്ചു. ഇതുവരെ റായ്ബറേലിയുടെ പ്രതിനിധിയായിരുന്ന സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. ബി.ജെ.പിയിലെ ദിനേശ് പ്രതാപ് സിങ്ങാണ് രാഹുലിന്‍റെ പ്രധാന പ്രതിയോഗി.
കഴിഞ്ഞതവണ പരാജയപ്പെട്ടെങ്കിലും, മൂന്നുവട്ടം രാഹുൽ ഗാന്ധിയെ ജയിപ്പിച്ച അമേത്തിയിൽ ഇക്കുറി സ്ഥാനാർഥിയാക്കിയ കിരോരിലാൽ ശർമക്ക് മണ്ഡലവുമായി നാലു പതിറ്റാണ്ട് നീളുന്ന ബന്ധമുണ്ട്. അമേത്തിയിലെയും റായ്ബറേലിയിലെയും കാര്യങ്ങൾ നെഹ്റു കുടുംബാംഗങ്ങൾക്ക് വേണ്ടി നോക്കിനടത്തിയിരുന്നത് ശർമയാണ്. 2019ൽ രാഹുലിനെ തോൽപിച്ചെങ്കിലും ഇത്തവണ അമേത്തിയിൽ പ്രശ്നങ്ങൾ നേരിടുന്ന ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിക്ക് രാഹുൽ മണ്ഡലം മാറി മറ്റൊരാൾ പ്രതിയോഗിയായത് ഒരളവിൽ ആശ്വാസം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.