രാഹുൽ ഗാന്ധി പറഞ്ഞതിനോട് യോജിക്കുന്നില്ല; സവർക്കറെ ഞങ്ങൾ ബഹുമാനിക്കുന്നു -ഉദ്ധവ് താക്കറെ
text_fieldsമുംബൈ: സ്വാതന്ത്ര്യസമരകാലത്ത് വി.ഡി. സവർക്കർ ബ്രിട്ടീഷുകാർ മാപ്പപേക്ഷ നൽകിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സവർക്കറോട് അഗാധമായ ബഹുമാനമാണ് ഉള്ളതെന്നും ഉദ്ധവ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി പറഞ്ഞതിനോട് യോജിക്കുന്നില്ല. വീർ സവർക്കറെ ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങൾ ഞങ്ങളെ ചോദ്യം ചെയ്യുമ്പോൾ, എന്തിനാണ് പി.ഡി.പിയുമായി (ജമ്മു കശ്മീരിൽ) അധികാരത്തിലേറിയതെന്ന് ബി.ജെ.പിയും പറയണം. പി.ഡി.പി ഒരിക്കലും ഭാരത് മാത കി ജയ് എന്ന് വിളിക്കില്ല. ബ്രിട്ടീഷുകാരിൽ നിന്ന് നേടിയ സ്വാതന്ത്ര്യം നിലനിർത്താനാണ് ഞങ്ങൾ കോൺഗ്രസുമായി അണിചേർന്നത്. അതിന് ഒരുപാട് പഴി കേട്ടിട്ടുണ്ട്. -ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, സവർക്കർക്ക് എതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അകോലയിൽ സവർക്കറുടെ മാപ്പപേക്ഷയുടെ കോപ്പിയുമായാണ് രാഹുൽ എത്തിയത്. ''ഞാൻ അപേക്ഷിക്കുകയാണ്. സർ ഇനിയുള്ള കാലം നിങ്ങളുടെ വിശ്വസ്തനായ സേവകനായിക്കൊള്ളാം.''എന്നാണ് സവർക്കർ കത്തിൽ പറയുന്നതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. കത്തിൽ മാപ്പപേക്ഷ എഴുതി ഒപ്പിടാൻ കാരണം ഭയമാണെന്നും രാഹുൽ പറഞ്ഞു. അതെ സവർക്ക് ബ്രിട്ടീഷുകാരെ ഭയമായിരുന്നു. ആർക്കെങ്കിലും ഇക്കാര്യത്തിൽ അവരവരുടെ ആശയങ്ങളുമായി മുന്നോട്ട് പോകാനാണ് താൽപര്യമെങ്കിൽ അതാവാമെന്നും രാഹുൽ വ്യക്തമാക്കി.
ഗാന്ധിജിയും നെഹ്റുവും പട്ടേലും വർഷങ്ങൾ ജയിലിൽ കഴിഞ്ഞവരാണ്. എന്നിട്ടും അവർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്തിട്ടില്ല. ഇത് രണ്ട് തരം ആശയങ്ങളാണ്. ഞങ്ങളുടെ പാർട്ടി തുറന്ന ചർച്ചക്കായി ക്ഷണിക്കുകയാണ്. ഞങ്ങൾ ഏകാധിപതികളൊന്നുമല്ല-എന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പി സർക്കാർ അന്തരിച്ച വി.ഡി സവർക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാത്തത് എന്തുകൊണ്ടാണെന്ന് ഉദ്ധവ് താക്കറെ നേരത്തെ ചോദിച്ചിരുന്നു. "ആരാണ് ഞങ്ങളെ ചോദ്യം ചെയ്യുന്നത്, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ അവരുടെ സംഭാവന എന്താണ്? സവർക്കറിനെക്കുറിച്ച് ഞങ്ങളെ ചോദ്യം ചെയ്യാൻ അവർക്ക് അവകാശമില്ല-എന്നും അദ്ദേഹം വാദിച്ചു.
വാഷിമിൽ ഗോത്രവർഗ നേതാവ് ബിർസ മുണ്ടയെ അനുസ്മരിക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു: ''ബ്രിട്ടീഷുകാർ ബിർസ മുണ്ടക്ക് ഭൂമി വാഗ്ദാനം ചെയ്തിട്ടും തലകുനിക്കാൻ തയ്യാറായില്ല; അദ്ദേഹം മരണം തിരഞ്ഞെടുക്കുകയായിരുന്നു. ഞങ്ങളുടെ പാർട്ടി അദ്ദേഹത്തെ ആരാധനാപാത്രമായി കണക്കാക്കുന്നു. ബി.ജെ.പിക്കും ആർ.എസ്.എസിനും ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകി ഒപ്പിട്ട് പെൻഷൻ വാങ്ങിച്ച സവർക്കർ ജി വിഗ്രഹമാണ്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ''ഇത് ഒരു വസ്തുതയാണ്: ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതും ബ്രിട്ടീഷുകാർക്ക് രാജ്യം വിറ്റതും സവർക്കറാണ്''-എന്നായിരുന്നു മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് ഗുജറാത്തിൽ പറഞ്ഞത്.
രാഹുൽ ഗാന്ധിയും കോൺഗ്രസും വി.ഡി. സവർക്കറെക്കുറിച്ച് വളച്ചൊടിച്ച ചരിത്രം പ്രചരിപ്പിക്കുകയാണെന്നും എന്നാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.