‘ഇന്ത്യയെക്കുറിച്ച് അവർക്കേറെ ചോദിക്കാനുണ്ടായിരുന്നു’; ഹാർവാഡിലെ വിദ്യാർഥിസംഘവുമായി സംവദിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഹാർവാഡ് സർവകലാശാലയിലെ വിദ്യാർഥിസംഘവുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുമായി സംസാരിക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ, ഇന്ത്യയിലെ സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയും ജനാധിപത്യ രാഷ്ട്രീയത്തോടുള്ള വെല്ലുവിളികളും കുട്ടികളുമായി ചർച്ച ചെയ്തെന്നും ‘എക്സി’ൽ വിശദീകരിച്ചു.
‘ലോകത്തിന്റെ വിഭിന്ന കോണുകളിൽനിന്നുള്ള ഹാർവാർഡ് വിദ്യാർഥികളുടെ സംഘവുമായി അതിശയകരവും അത്യാകർഷകവുമായ സംഭാഷണം നടത്തി. വിവിധങ്ങളായ വിഷയങ്ങളിൽ ഏറെ ജിജ്ഞാസയുള്ള വിദ്യാർഥികളായിരുന്നു അവർ. ഇന്ത്യയെക്കുറിച്ച് അവർക്കേറെ ചോദിക്കാനുണ്ടായിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയും ജനാധിപത്യ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. ചൈന ഉയർത്തുന്ന ജിയോപൊളിറ്റിക്കൽ വെല്ലുവിളികൾക്കൊപ്പം നിർമിതബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകളും ചർച്ചാവിഷയമായി.
ഞാൻ എന്റെ കാഴ്ചപ്പാടുകൾ അവരോട് വിശദീകരിച്ചു. ജനാധിപത്യ മാതൃക, ആളുകളെ കേൾക്കുന്നതിന്റെ കരുത്ത്, ഇന്ത്യയുടെ ദാർശനികവും ആത്മീയവുമായ പാരമ്പര്യം തുടങ്ങിയവയിലെല്ലാമുള്ള എന്റെ ചിന്താഗതികൾ വിദ്യാർഥികളുമായി പങ്കുവെച്ചു.
മിടുക്കരും ആത്മവിശ്വാസമുള്ളവരുമായ ഈ വിദ്യാർഥി മനസ്സുകളെ ശ്രവിച്ചതോടെ, എല്ലാ ഇന്ത്യൻ വിദ്യാർഥികൾക്കും ആഗോള അംബാസഡർമാരാകാനുള്ള എക്സ്പോഷറും അവസരവും ലഭിക്കുന്നതിനായി പോരാടാൻ അതെന്നെ കൂടുതൽ ദൃഢചിത്തനാക്കുന്നു’ -രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.