വിദേശത്തെത്തിയാൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയെ വിമർശിക്കുന്നത് ശീലം -ജയ്ശങ്കർ
text_fieldsന്യൂഡൽഹി: യു.എസിൽ നരേന്ദ്ര മോദി സർക്കാറിനെയും ആർ.എസ്.എസിനെയും വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്ത്. വിദേശത്ത് എത്തിക്കഴിഞ്ഞാൽ ഇന്ത്യയെ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമാണെന്നും ദേശീയ രാഷ്ട്രീയം പുറത്തേക്ക് കൊണ്ടുപോകുന്നത് രാജ്യതാൽപര്യത്തിന് നിരക്കുന്നതല്ലെന്നും ജയ്ശങ്കർ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ചിലപ്പോൾ ഒരു പാർട്ടി ജയിക്കുന്നു. ചിലപ്പോൾ മറ്റൊരു പാർട്ടിയും. ജനാധിപത്യം ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. ആഭ്യന്തര വിഷയങ്ങൾ വിദേശ രാജ്യങ്ങളിൽപോയി പറഞ്ഞാൽ രാഹുലിന്റെ വിശ്വാസ്യത വിർധിക്കും എന്ന് താൻ കരുതുന്നില്ലെന്നും 2024ലെ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുകയെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഭരണം നിലനിർത്തുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സമാധാനമില്ലാതെ ചൈനയുമായുള്ള ബന്ധം സാധാരണ ഗതിയിലാകില്ലെന്നും ജയ്ശങ്കർ പറഞ്ഞു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്. അതിർത്തിയിൽ സമാധാനം ഉണ്ടാകുമ്പോൾ മാത്രമെ അത് സാധ്യമാകൂ.
ചൈനയൊഴികെയുള്ള ലോകത്തെ എല്ലാ പ്രമുഖ രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധം ഊഷ്മളമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം ചൈനയാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്ശങ്കറിന് മറുപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: വിദേശയാത്രക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണങ്ങളെ വിമർശിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് മറുപടിയുമായി കോൺഗ്രസ്. ജയ്ശങ്കറിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയ വ്യക്തി തന്നെയാണ് ദേശീയ രാഷ്ട്രീയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
വിദേശത്ത് എത്തിക്കഴിഞ്ഞാൽ ഇന്ത്യയെ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമാണെന്നും ദേശീയ രാഷ്ട്രീയം പുറത്തേക്ക് കൊണ്ടുപോകുന്നത് രാജ്യതാൽപര്യത്തിന് നിരക്കുന്നതല്ലെന്നുമായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിമർശനം. ബി.ജെ.പി അവരുടെ വിദേശകാര്യമന്ത്രിക്ക് പഴയ തിരക്കഥയാണ് നൽകിയതെന്നും പുതിയത് വായിക്കണമെന്നുമായിരുന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.