യുവ സൈനികന്‍റെ മരണം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച നിലവാരമില്ലാത്ത രാഷ്ട്രീയ പ്രവർത്തകനാണ് രാഹുൽ ഗാന്ധി - കേന്ദ്ര സഹമന്ത്രി
text_fieldsപനാജി: യുവ സൈനികന്‍റെ മരണം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച രാഹുൽ ഗാന്ധി രാജ്യത്തെ ഒരു തരത്തിലും സേവിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ഒക്ടോബർ 22ന് സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ മരിച്ച അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ മരണത്തെ തുടർന്നുള്ള ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"രാഹുൽഗാന്ധി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയക്കാരനാണ് എന്നതിനപ്പുറത്തേക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല. അഗ്നിവീരനായ യുവാവിന്‍റെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തിയ നാണമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ. ഒരു മരണം പോലും അദ്ദേഹം രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കും. ഒരു ദിവസം പോലും കൃത്യമായി ജോലി ചെയ്യാത്ത വ്യക്തിയാണ് രാഹുൽ. രാജ്യത്തെ അടിച്ചമർത്തുക എന്നല്ലാതെ അദ്ദേഹം മറ്റൊന്നും ചെയ്തിട്ടില്ല" മന്ത്രി പറഞ്ഞു. ഒരു യുവ സൈനികന്‍റെ മരണം പോലും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപ്രവർത്തനം ലജ്ജാകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ധീരഹൃദയരെ 'അധിക്ഷേപിക്കാൻ' ആവിഷ്‌കരിച്ച പദ്ധതിയാണ് അഗ്നിവീർ എന്നും അവരുടെ മരണത്തിന് ശേഷം കുടുംബത്തിന് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
പഞ്ചാബ് മാൻസ സ്വദേശി ഗവാട്ടെ അക്ഷയ് അടുത്തിടെയാണ് വീരമൃത്യു വരിച്ചത്. ഒക്ടോബർ 11ന് ജമ്മു കശ്മീരിൽ വെച്ചായിരുന്നു അന്ത്യം. സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്വന്തം കൈയിലുള്ള തോക്കിൽ നിന്നു തന്നെ വെടിയേറ്റാണ് അഗ്നിവീർ സൈനികൻ മരണപ്പെട്ടതെന്നും അതിനാൽ ഗാർഡ് ഓഫ് ഹോണർ ആവശ്യമില്ലെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.