കടയിലേക്കു വേണ്ട സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് ഉറപ്പ്; ബാർബർ ഷോപിലെ ഊഷ്മള നിമിഷങ്ങൾ പങ്കുവെച്ച് രാഹുൽ
text_fieldsന്യൂഡൽഹി: പതിവിൽ നിന്ന് വ്യത്യസ്തമായ ചിത്രവുമായാണ് ഇത്തവണ രാഹുലിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ഡൽഹിയിലെ ഉത്തം നഗറിലെ ബാർബർ ഷോപിൽ നിന്നുള്ളതാണ് അത്. താടി വെട്ടുന്ന ബാർബറോട് കസേരയിൽ ഇരുന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും അദ്ദേഹം പറയുന്നത് സശ്രദ്ധം കേൾക്കുന്നതുമാണ് ദൃശ്യങ്ങളിൽ. അവസാനം കടയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പിൽ ബാർബർ അജിത്തിനെ ആലിംഗനം ചെയ്ത ശേഷം രാഹുൽ വാഹനത്തിൽ കയറിപ്പോവുന്നതും കണാം. അജിത്തിന് കടയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കാൻ രാഹുൽ ഗാന്ധി ഏർപ്പാടും ചെയ്തു. ബാർബർ ഷോപ്പ് സന്ദർശിച്ചതിന്റെ വിഡിയോ അദ്ദേഹം ‘എക്‌സി’ലാണ് പങ്കുവെച്ചത്. വിഡിയോയിൽ അജിത് രാഹുൽ ഗാന്ധിക്ക് നന്ദിയും പറയുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും ഇടത്തരക്കാരുടെയും മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരുമെന്നതാണ് അവർക്ക് താൻ നൽകുന്ന വാഗ്ദാനമെന്ന് പോസ്റ്റിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. കുറഞ്ഞ വരുമാനവും പണപ്പെരുപ്പവും കഠിനാധ്വാനികളായ പാവപ്പെട്ടവരുടെ സ്വപ്നങ്ങൾ കവർന്നെടുത്തിരിക്കുകയാണെന്നും സമ്പാദ്യം വീട്ടിലേക്കുതന്നെ കൊണ്ടുപോകാൻ അനുവദിക്കുന്ന പുതിയ പദ്ധതികൾ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.
തന്റെ ‘കന്യാകുമാരി-കാശ്മീർ ഭാരത് ജോഡോ യാത്ര’യിലും മണിപ്പൂരിൽനിന്ന് മുംബൈയിലേക്കുള്ള ‘ഭാരത് ജോഡോ ന്യായ് യാത്ര’യിലും മെക്കാനിക്കുകളും ചെരുപ്പ് തൊഴിലാളികളും ബസ് ഡ്രൈവർമാരും അടക്കമുള്ള തൊഴിലാളി വിഭാഗങ്ങളുമായി രാഹുൽ സംവദിച്ചിരുന്നു. തന്റെ ഇടപെടലുകളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുകയും അതിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുന്നതും അദ്ദേഹം പതിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.