‘രാഹുൽ വയനാട്ടിൽ ലീഗിന്റെ കൊടി പിടിച്ചത് ഹിന്ദു വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കാൻ’; നുണപ്രചാരണങ്ങളുമായി കേന്ദ്ര മന്ത്രി
text_fieldsഹുബ്ബള്ളി (കർണാടക): രാഹുൽ ഗാന്ധി കേരളത്തിലെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‍ലിം ലീഗിന്റെ കൊടി പിടിച്ചത് ഹിന്ദു വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിനാണെന്ന പ്രചാരണവുമായി ബി.ജെ.പി. വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ കോൺഗ്രസിന്റെ പതാക പിടിക്കുന്നതിനു പകരം മുസ്‍ലിം ലീഗിന്റെ കൊടിയാണ് രാഹുൽ പിടിച്ചതെന്നും ഇത് ഹിന്ദു വിരുദ്ധതക്ക് എരിവു പകരാനാണെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു.
ഹുബ്ബള്ളിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ജോഷി ഇങ്ങനെ പറഞ്ഞത്. ലീഗിനെതിരെ നിശിത വിമർശനമുന്നയിച്ചുള്ള പ്രസ്താവനകൾ നടത്തിയ ജോഷി, അവരുമായി ചേർന്ന് കോൺഗ്രസ് മത്സരിക്കുന്നതിനെ ചോദ്യം ചെയ്തു.
മുസ്‍ലിം ലീഗ് ഹിന്ദുക്കളെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഹിന്ദുക്കളെ വധിക്കാനും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പ്രേരിപ്പിച്ചിട്ടുണ്ടെന്നുമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ജോഷി മാധ്യമപ്രവർത്തകർക്കുമുമ്പാകെ ഉന്നയിച്ചു. ‘വിധ്വംസക’ പ്രവർത്തനങ്ങൾ നടത്തുന്ന ഈ മുസ്‍ലിം ലീഗുമായി കൂട്ടുകൂടുകയും അവരുമായി ചേർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യുന്നതിലൂടെ രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധ സംഭവങ്ങൾക്ക് ആക്കം കൂട്ടുകയാണെന്നും ജോഷി പറഞ്ഞു.
‘കർണാടകയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാഹുൽ ഗാന്ധി ഉത്തരവാദിയാണ്. ‘ജയ് ശ്രീറാം’ വിളിച്ചതിന് ആക്രമണം നടത്തിയതടക്കമുള്ള സംഭവങ്ങൾ കോൺഗ്രസിന്റെ ആശീർവാദത്തോടെയാണ് നടക്കുന്നത്. കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ തെളിവാണിത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നതായും ജോഷി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.