മോദി-അദാനി മുഖംമൂടിയുമായി പാർലമെന്റിന് പുറത്ത് കോൺഗ്രസ്
text_fieldsന്യൂഡൽഹി: സോറോസ് - ഗാന്ധി ബന്ധമുയർത്തി അദാനി വിഷയത്തെ നേരിടാനുള്ള ബി.ജെ.പി നീക്കത്തിനിടയിലും അദാനിയിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വേറിട്ട പ്രതിഷേധവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെയും അദാനിയുടെയും മുഖംമൂടി അണിഞ്ഞ് പ്രതിഷേധത്തിനെത്തിയ എം.പിമാരുമായി പ്രതീകാത്മക സംഭാഷണം നടത്തിയായിരുന്നു പ്രതിഷേധം.
നിങ്ങളിരുവരും എന്ന് തുടങ്ങിയ ബന്ധമാണെന്ന് രാഹുൽ ചോദിച്ചപ്പോൾ എത്രയോ നാളായി തങ്ങൾ രണ്ടുപേരും ഒന്നാണെന്നും കാലങ്ങളേറെയായി ഈ ബന്ധമുണ്ടെന്നും അദാനി മുഖംമൂടിയണിഞ്ഞ കോൺഗ്രസ് എം.പി മണിക്കം ടാഗോർ പറഞ്ഞു. എന്തൊക്കെയാണ് താങ്കൾക്ക് വേണ്ടതെന്ന് രാഹുൽ ചോദിക്കുമ്പോൾ തനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും വേണമെന്നായിരുന്നു മറുപടി.
താനെന്ത് പറഞ്ഞാലും അതിദ്ദേഹം ചെയ്യുമെന്നും താനെന്ത് ആഗ്രഹിക്കുന്നോ അതിയാൾ സാധ്യമാക്കിത്തരുമെന്നും കൂടി ‘അദാനി’ രാഹുലിനോട് പറഞ്ഞു. ഒന്നും മിണ്ടാതിരുന്ന മോദി മുഖംമൂടിയണിഞ്ഞ കോൺഗ്രസ് എം.പി സപ്തഗിരി ശങ്കർ ഉലാകയെ നോക്കി ഇദ്ദേഹം വളരെ ഗൗരവത്തിലാണെന്നും ഈയിടെയായി വളരെ കുറച്ച് സംസാരിക്കുന്നേയുള്ളൂ എന്നും രാഹുൽ പറഞ്ഞു.
ഖാർഗെയും കോൺഗ്രസും ചെയർമാനുനേരെ
ന്യൂഡൽഹി: ഭരണപക്ഷത്തിനുവേണ്ടി പക്ഷപാതപരമായ സമീപനം സ്വീകരിച്ച് ജനാധിപത്യത്തെ കൊലചെയ്യുകയാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാജ്യസഭാ ചെയർമാനെതിരെ രൂക്ഷ വിമർശനം നടത്തി. അടിയന്തര ചർച്ചക്കുള്ള ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം ഒരുപോലെ തള്ളിയ ശേഷം പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി ബി.ജെ.പി എം.പിമാർക്കും എൻ.ഡി.എ കക്ഷി നേതാക്കൾക്കും ജോർജ് സോറോസ് വിവാദം കത്തിക്കാൻ സഭയിൽ അവസരം നൽകിയതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഖാർഗെക്കൊപ്പം പ്രമോദ് തിവാരി, ജയ്റാം രമേശ്, ദിഗ്വിജയ് സിങ് എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം സഭക്കുള്ളിൽ ചെയർമാനുനേരെ തിരിഞ്ഞു.
സഭയിൽ ഹാജരല്ലാത്ത ഒരു അംഗത്തെ കുറിച്ച് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞപ്പോൾ, അദ്ദേഹത്തെക്കൊണ്ട് സോണിയ ഗാന്ധിയുടെ പേര് പറയിപ്പിക്കാനായി ഏതാണാ അംഗമെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ ചോദിച്ചുകൊണ്ടിരുന്നു. സോണിയ ഗാന്ധിയുടെ പേരുപറയിപ്പിക്കാൻ ആരു തമ്മിലുള്ള ബന്ധമെന്ന് ബി.ജെ.പി നേതാവ് കലിതയോടും ധൻഖർ ആവർത്തിച്ച് ചോദിച്ചു. ആ സമയം സോണിയ സഭയിലില്ലായിരുന്നു.
‘താങ്കൾ സമ്മതിക്കാത്ത ചർച്ച എങ്ങനെയാണ് സഭയിൽ നടക്കുക’ എന്ന് മുതിർന്ന കോൺഗ്രസ് എം.പി ദിഗ്വിജയ് സിങ് ചോദിച്ചു. ചെയർമാൻ പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച ദിഗ്വിജയ് സിങ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചെയർമാൻ തള്ളിക്കളഞ്ഞ ഒരാവശ്യത്തിൽ ചർച്ച തുടങ്ങിവെച്ചതെന്നും ഓരോ ബി.ജെ.പി എം.പിമാരെയും വിഷയം ചർച്ച ചെയ്യാൻ വിളിക്കുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
ഏത് ചട്ടപ്രകാരമാണ് ചെയർമാൻ ബി.ജെ.പി എം.പിമാർക്ക് ആരോപണമുന്നയിക്കാൻ അവസരം നൽകുന്നതെന്ന് രാജീവ് ശുക്ല ചോദിച്ചു. ചട്ടവിരുദ്ധമായി സംസാരിക്കാൻ അവർക്ക് മൈക്ക് ഓണാക്കി നൽകുന്നുണ്ടെന്നും അവർ സംസാരിക്കുന്നത് സൻസദ് ടി.വിയിൽ കാണിക്കുന്നുണ്ടെന്നും ശുക്ല പറഞ്ഞു. താൻ രാജ്യസഭയിൽ വരുമ്പോൾതന്നെ ഇന്ന് വന്നിട്ട് കാര്യമില്ലെന്നും സഭ നടത്താൻ അനുവദിക്കില്ലെന്നും ബി.ജെ.പി എം.പിമാർ തന്നോടു പറഞ്ഞിരുന്നുവെന്ന് ആർ.ജെ.ഡി നിയമസഭാ കക്ഷി നേതാവ് പ്രഫ. മനോജ് ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.