സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയർത്തിയതിനുമാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്- ജയറാം രമേശ്
text_fieldsന്യൂഡൽഹി: പുതിയ ഇന്ത്യയിൽ കേന്ദ്ര ഭരണത്തിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ സി.ബി.ഐ, ഇ.ഡി എന്നിവയെ അഴിച്ചുവിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 2019 ലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയർത്തിയതിനുമാണ് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം രാഹുൽ ഗാന്ധി വിനിയോഗിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
"ഇത് പുതിയ ഇന്ത്യയാണ്. നിങ്ങൾ അനീതിക്കെതിരെ ശബ്ദമുയർത്തിയാൽ ഇ.ഡി, സി.ബി.ഐ, പൊലീസ്, എഫ്.ഐ.ആർ എന്നിവയെ നിങ്ങൾക്കെതിരെ അഴിച്ചുവിടും. സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയർത്തിയതിനും രാഹുൽ ഗാന്ധിയും ശിക്ഷിക്കപ്പെടുകയാണ്. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം അദ്ദേഹം വിനിയോഗിക്കും"- ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുൾപ്പടെയുള്ള നേതാക്കൾ വിമർശിച്ചു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് കെജ്‌രിവാൾ പറഞ്ഞു. എ.എ.പിക്ക് പുറമേ മറ്റ് പ്രതിപക്ഷ പാർട്ടികളും കോടതി വിധിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചത്. മോദി എന്ന സർനെയിം സംബന്ധിച്ച് രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.