രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മ ഗാന്ധി -കോൺഗ്രസ് എം.എൽ.എ
text_fieldsറായ്പൂർ: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിൽ രാജ്യവ്യാപകമായി പ്രതിഷേധം പുകയവെ, രാഹുൽ ഗാന്ധിയെ ആധുനിക ഇന്ത്യയുടെ മഹാത്മ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എം.എൽ.എ. ഛത്തീസ്ഗഢ് കോൺഗ്രസ് എം.എൽ.എ അമിതേഷ് ശുക്ലയാണ് രാഹുലിനെ മഹാത്മാഗാന്ധിയോട് ഉപമിച്ചത്.
2018ലെ ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ശുക്ല തെരഞ്ഞെടുക്കപ്പെട്ടത്. മഹാത്മ ഗാന്ധിയും രാഹുലും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടെന്നും ശുക്ല പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിച്ചു. വർഷങ്ങൾക്കു മുമ്പ് ഗാന്ധിജി ദണ്ഡി മാർച്ച് നടത്തുകയുണ്ടായി. രാഹുൽ ഇന്ത്യയുടെ പുത്രനാണെന്ന് എം.എൽ.എ വിശേഷിപ്പിക്കുകയും ചെയ്തു.
''താൻ പറയുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. എന്റെ അച്ഛനും അമ്മാവനും മഹാത്മ ഗാന്ധിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടാണ് വളർന്നത്. ഗാന്ധിജിയും രാഹുൽ ഗാന്ധിയും തമ്മിൽ ഒരുപാട് സാമ്യതകൾ എനിക്ക് തോന്നി''-എന്നാണ് ശുക്ല പറഞ്ഞത്.
മഹാത്മാഗാന്ധിക്ക് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകാമായിരുന്നിട്ടും അദ്ദേഹം അതിനു തയാറായില്ല. അതുപോലെ 2004ലും 2008ലും രാഹുലിന് പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്നിട്ടും അദ്ദേഹം തയാറായില്ല. ദണ്ഡിമാർച്ചിനായി നിരവധി കിലോമീറ്ററുകളാണ് ഗാന്ധിജി കാൽനടയായി താണ്ടിയത്. സമാനരീതിയിലുള്ള രാഹുലിന്റെ പദയാത്രയാണ് ഭാരത് ജോഡോ യാത്ര. സത്യമെന്ന ആയുധം ഉപയോഗിച്ചാണ് ഗാന്ധിജി ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത്. അദാനി പോലുള്ള വിഷയങ്ങളിൽ രാഹുൽ ഭയമൊട്ടുമില്ലാതെ പ്രതിഷേധമുയർത്തുകയാണെന്നും ശുക്ല ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് കോൺഗ്രസ് മാനസികമായും ബുദ്ധിപരമായും പാപ്പരായിരിക്കുകയാണെന്നായിരുന്നു ഇതിനെ കുറിച്ച് ബി.ജെ.പി എം.പി സന്തോഷ് പാണ്ഡെ പ്രതികരിച്ചത്.ൃ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.