രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല -സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഹിന്ദുമതത്തെ അവഹേളിച്ചെന്ന് ബി.ജെ.പിയും സംഘ്പരിവാറും വ്യാപക വിമർശനമുയർത്തുന്ന പശ്ചാത്തലത്തിലാണ് ശങ്കരാചാര്യരുടെ വാക്കുകൾ.
'രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു. ഹിന്ദുമതത്തിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ലെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. ഹിന്ദുമതത്തിനെതിരെ ഒരു വാക്കുപോലും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ എവിടെയും പറയുന്നില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ പകുതി മാത്രം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം' -സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
18ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ചയിൽ ജൂലൈ ഒന്നിന് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് ബി.ജെ.പിയും കേന്ദ്ര സർക്കാറും വിവാദമാക്കാൻ ശ്രമിച്ചത്. ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുൽ ബി.ജെ.പിയെ ലക്ഷ്യമിട്ട് പറഞ്ഞു.
തുടർന്ന്, രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമർശത്തിൽ രാഹുൽ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അടുത്ത ദിവസം, രാഹുലിന്‍റെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശങ്ങളടക്കം സ്പീക്കർ ഓം ബിർള സഭാ രേഖകളിൽനിന്നു നീക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.