രാഹുൽ പറഞ്ഞതാണ് ശരി, അദാനിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം -ലാലു പ്രസാദ് യാദവ്
text_fieldsപട്ന: വ്യവസായി ഗൗതം അദാനിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് വാസ്തവമാണെന്നും ഉടൻ നടപടി വേണമെന്നും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അദാനി ഗ്രൂപ്പ് അമേരിക്കൻ, ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിക്കെതിരെ രാഹുലിന്റെ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.
''രാഹുൽ പറഞ്ഞതാണ് ശരി, അദാനിയെ അറസ്റ്റ് ചെയ്യണം.'-എന്നായിരുന്നു ലാലുവിന്റെ പ്രതികരണം. കോൺഗ്രസിന്റെ പഴയ അണിയും ബി.ജെ.പിയുടെ കടുത്ത വിമർശകനുമാണ് ലാലു. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.
അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്.-രാഹുൽ ആരോപിച്ചു.
ഒരു ഇന്ത്യൻ വ്യവസായിക്കെതിരെ ഒരു വിദേശ രാജ്യം കുറ്റം ചുമത്തുമ്പോൾ, അത് ആഗോള തലത്തിൽ നമ്മുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നു. അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നു. അയാൾക്ക് പിന്നിൽ വലിയ കണ്ണികളാണുള്ളത്. സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ചാണ് യു.എസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.