പൂഞ്ച് ഭീകരാക്രമണത്തെ അപലപിച്ച് ഖാർഗെയും രാഹുലും; അതീവ ദുഃഖകരമെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. എക്സിലൂടെയാണ് മല്ലികാർജുൻ ഖാർഗെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. പൂഞ്ചിലുണ്ടായ സംഭവം അതീവ ദുഃഖകരമാണെന്ന് ഖാർഗെ പറഞ്ഞു.
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയാണ്. തീവ്രവാദത്തിനെതിരായ രാഷ്ട്രത്തിന്റെ നിലപാടിനൊപ്പം തങ്ങളുമുണ്ടാവും. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങളുമുണ്ടാവും. പരിക്കേറ്റവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി വരട്ടെ. സൈനികർക്കൊപ്പം ഇന്ത്യയുണ്ടാവുമെന്നും ഖാർഗെ എക്സിൽ കുറിച്ചു.
പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അർപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക മടങ്ങി വരട്ടെയെന്നാണ് പ്രാർഥനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു മരിച്ചിരുന്നു. നാല് സൈനികർക്ക് പരിക്കേറ്റു. പൂഞ്ച് സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ച് ശനിയാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചിരുന്നു. വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഞ്ച് സൈനികർക്ക് വെടിയേറ്റു. എന്നാൽ, സൈനികർ തിരിച്ചടിച്ചു. പിന്നീട് കൂടുതൽ സൈന്യം മേഖലയിലേക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.