ഇന്ധനവില വർധനയിൽ പ്രതിഷേധം; രാഹുലിെൻറ നേതൃത്വത്തിൽ പാർലമെൻറിലേക്ക് സൈക്കിൾ ചവിട്ടി പ്രതിപക്ഷ എം.പിമാർ
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ ജനാധിപത്യ വിരുദ്ധ നിലപാടുകളിലും ഇന്ധന വിലവർധനവിലും പ്രതിഷേധിച്ച് പാർലമെൻറിലേക്ക് സൈക്കിളിലേറി പ്രതിപക്ഷം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനു പിന്നാലെയാണ് എം.പിമാർ സൈക്കിളിൽ പാർലമെൻറിലേക്ക് നീങ്ങിയത്. പാചക വാതക സിലിണ്ടറിന് 834 രൂപയാക്കിയ 'അഛേ ദിൻ' ഭരണത്തെ വിമർശിക്കുന്ന പോസ്റ്ററുമായി രാഹുൽ സൈക്കിൾ യാത്ര നയിച്ചു.
പെഗസസ് ചാരവൃത്തിക്കേസിൽ ചർച്ചക്ക് വഴങ്ങാൻ സർക്കാർ തയാറാകാത്തതിനാൽ വർഷകാല പാർലമെൻറ് സമ്മേളനം മൂന്നാമത്തെ ആഴ്ചയും സ്തംഭിച്ചു നിൽക്കുന്നതിനിടയിലാണ് പ്രതിഷേധ സമരമുറ അരങ്ങേറിയത്. കർഷക സമരത്തിനു നേരെ കണ്ണടക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ട്രാക്ടർ ഓടിച്ചാണ് രാഹുലും സംഘവും പാർലമെൻറിൽ എത്തിയത്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാഹുൽ പ്രതിപക്ഷ നേതാക്കളെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രഭാത വിരുന്നിന് ക്ഷണിച്ചത്. നേരത്തെ യോഗത്തിൽനിന്ന് വിട്ടുനിന്ന തൃണമൂൽ കോൺഗ്രസ് അടക്കം 15 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
ജനകീയ, ദേശസുരക്ഷ വിഷയങ്ങളിൽ ചർച്ചക്ക് സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ പാർലമെൻറിനു പുറത്ത് മോക് പാർലമെൻറ് നടത്താനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷം ഒരുമിച്ചു നിൽക്കണമെന്ന് പറയാനാണ് യോഗം വിളിച്ചതെന്ന് രാഹുൽ യോഗത്തിൽ വിശദീകരിച്ചു. പ്രതിപക്ഷ ശബ്ദം കൂടുതൽ ഒന്നിച്ചു വന്നാൽ അതിനു ശക്തികൂടും. ബി.ജെ.പിക്കും ആർ.എസ്.എസിനും അത് അടിച്ചമർത്താൻ കൂടുതൽ പ്രയാസമാകുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്ര, എൻ.സി.പിയിലെ സുപ്രിയ സുലെ, ഡി.എം.കെയുടെ കനിമൊഴി, ശിവസേനയുടെ സഞ്ജയ് റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. സി.പി.എമ്മിനെ എളമരം കരീമും മുസ്ലിംലീഗിനെ ഇ.ടി മുഹമ്മദ് ബഷീറും പ്രതിനിധാനംചെയ്തു. സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.ഐ, ആർ.എസ്.പി, കേരള കോൺഗ്രസ്, ജെ.എം.എം, നാഷനൽ കോൺഫറൻസ്, എൽ.ജെ.ഡി എന്നിവയാണ് പങ്കെടുത്ത മറ്റു പാർട്ടികൾ.ബി.എസ്.പിയും ആം ആദ്മി പാർട്ടിയും എത്തിയില്ല.
യോഗത്തിൽ പങ്കെടുക്കുന്നതോ, പങ്കെടുക്കാതിരിക്കുന്നതോ അല്ല വിഷയമെന്നും പാർലമെൻറിൽ നടക്കുന്ന ചർച്ചയിൽ കർഷകരടക്കം ബഹുഭൂരിപക്ഷത്തിനൊപ്പമാണ് തങ്ങളെന്നുമാണ് ആം ആദ്മി പാർട്ടി ഇതിനോട് പ്രതികരിച്ചത്. യു.പിയിൽ കോൺഗ്രസുമായി മായാവതി കൊമ്പുകോർത്തു നിൽക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.പിയുടെ വിട്ടുനിൽക്കൽ. അതേസമയം, തുടർച്ചയായി ഒച്ചപ്പാടുണ്ടാക്കി പാർലമെൻറ് നടത്താതിരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്ന സമയത്തു തന്നെയായിരുന്നു ബി.െജ.പി എം.പിമാരുടെ യോഗം. ചൊവ്വാഴ്ചയും പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ഒച്ചപ്പാടിനിടയിൽ ഏതാനും ബില്ലുകൾ ചർച്ച കൂടാതെ സർക്കാർ പാസാക്കി.
പാർലമെൻറ് സ്തംഭിപ്പിക്കുന്നത് ഭരണഘടനാ നിന്ദ –മോദി
ന്യൂഡൽഹി: പ്രതിപക്ഷം പാർലമെൻറ് തുടർച്ചയായി സ്തംഭിപ്പിക്കുന്നത് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള നിന്ദയാണെന്ന് മോദി കുറ്റപ്പെടുത്തി. പാർലമെൻറിെൻറ ഇരുസഭകളും പ്രതിപക്ഷത്തിെൻറ പ്രവർത്തനങ്ങൾമൂലം നിന്ദിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. സഭാരേഖ പിടിച്ചുവാങ്ങി കീറിയെറിഞ്ഞ അംഗത്തിന് കുറ്റബോധം തോന്നിയില്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിെൻറ കൈയിൽനിന്ന് പ്രസ്താവന പിടിച്ചുവാങ്ങിയ തൃണമൂൽ എം.പിയെ സൂചിപ്പിച്ച് മോദി പറഞ്ഞു. ബില്ലുകൾ പാസാക്കുന്നതിനെതിരെ അപമാനകരമായ കമൻറുകളാണ് ഒരു മുതിർന്ന എം.പി നടത്തിയത്. ശരാശരി ഏഴ് മിനിറ്റ് മാത്രം എടുത്ത് സഭയിൽ ബില്ലുകൾ പാസാക്കുന്നതിനെ 'പാപ്ഡി ചാട്ട്' ഉണ്ടാക്കുന്നത് പോലെയാണെന്ന് പരിഹസിച്ച ഡെറിക് ഒബ്റേനെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമർശം. ഇരുസഭകളിലും വരാത്ത പ്രധാനമന്ത്രി കഴിഞ്ഞയാഴ്ചയും സഭാസ്തംഭനത്തിന് പ്രതിപക്ഷത്തിന് മേൽ കുറ്റാരോപണം നടത്തിയിരുന്നു. കേന്ദ്ര പാർലമെൻററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയും രാജ്യസഭയിലെ ബി.ജെ.പി ഉപനേതാവ് മുഖ്താർ അബ്ബാസ് നഖ്വിയും മോദിയുടെ ചുവട് പിടിച്ച് ഡെറിക് ഒബ്റേനെ വിമർശിച്ചപ്പോൾ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് ഡെറികിനെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.