രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനം
text_fieldsന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. കോൺഗ്രസാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുമെന്ന് അറിയിച്ചത്. ജൂലൈ എട്ടിനായിരിക്കും രാഹുലിന്റെ സന്ദർശനമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
മണിപ്പൂരിൽ ആളുകൾ താമസിക്കുന്ന അഭയാർഥി കാമ്പുകളിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. മൊയിരാങ്, ചുരചന്ദാപൂർ എന്നിവിടങ്ങളിലായിരിക്കും രാഹുലിന്റെ സന്ദർശനം. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആളുകളുമായും പ്രതിപക്ഷ നേതാവ് സംസാരിക്കും.
രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്നാണ് തുടങ്ങിയത്. 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോ മീറ്റർ സഞ്ചരിച്ച് ഒടുവിൽ മുംബൈയിലാണ് യാത്ര സമാപിച്ചത്. 220 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ മണിപ്പൂർ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ഒടുവിൽ മാസങ്ങൾക്ക് ശേഷം രാജ്യസഭയിൽ മോദി മണിപ്പൂരിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.