നാലുവർഷത്തിനുശേഷം ഉറ്റചങ്ങാതിമാർ വീണ്ടും കൈകൊടുത്തു; വൈറലായി ചിത്രം, ഊഹാപോഹങ്ങൾ ഒപ്പം
text_fieldsന്യൂഡൽഹി: വളരെ അടുത്ത കൂട്ടുകാരായിരുന്നു അവർ. രാഷ്ട്രീയക്കളരിയിൽ ഏറക്കുറെ ഒന്നിച്ച് വളർന്നവർ. സുഹൃത്തുക്കളായിരുന്ന പിതാക്കന്മാരിൽനിന്ന് സൗഹൃദം ‘പാരമ്പര്യമായി’ കിട്ടിയവർ. കോൺഗ്രസിൽ പുതുതലമുറക്ക് പ്രചോദനമാകാൻ ‘താരജോഡി’യായി ഒരുകാലത്ത് ഉയർത്തിക്കാട്ടപ്പെട്ടവർ. എന്നാൽ, അഭേദ്യമെന്നു കരുതിയ ആ ബന്ധവും രാഷ്ട്രീയത്തിന്റെ പ്രവചിക്കാനാവാത്ത ചുഴിയിൽകുരുങ്ങി വേർപെട്ടു. ഒരാൾ കോൺഗ്രസിന്റെ മുഖ്യശത്രുവായ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറി. പിന്നീട് പഴയ സൗഹൃദക്കാഴ്ചകളുടെ തുടർച്ചകൾ ഉണ്ടായിരുന്നില്ല.
പറഞ്ഞുവരുന്നത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും കുറിച്ചാണ്. അകന്നുപോയ നാലു വർഷത്തെ ഇടവേളക്കുശേഷം ഇരുവർക്കുമിടയിലെ സൗഹൃദത്തിന്റെ അടയാളമായ ആ ഹസ്തദാനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒപ്പം ചില ഊഹാപോഹങ്ങളും.
കഴിഞ്ഞദിവസം പാർലമെന്റിൽ നടന്ന ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പരിപാടിക്കിടെയാണ് രാഹുലും ജ്യോതിരാദിത്യയും കണ്ടുമുട്ടിയത്. സെൻട്രൽ ഹാളിൽ ഇരുവരുടെയും അപ്രതീക്ഷിത സമാഗമം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കണ്ടപാടെ കൈകൊടുത്ത് ഏറെ സ്നേഹബഹുമാനങ്ങളോടെ ഇരുവരും പെരുമാറുന്ന ദൃശ്യങ്ങൾ വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല. കുറച്ചുനേരം പഴയ സുഹൃത്തുക്കൾ സംസാരത്തിലേർപ്പെടുകയും ചെയ്തു. പരിപാടിയിൽ സംബന്ധിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആദ്യം അതിശയമായിരുന്നു.
2020ൽ ബി.ജെ.പിയിൽ ചേർന്നശേഷം ഗാന്ധി കുടുംബവുമായുള്ള സിന്ധ്യയുടെ ബന്ധം ഊഷ്മളമായിരുന്നില്ല. ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യയെ നിശിതമായി വിർമശിച്ച പ്രിയങ്ക ഗാന്ധി, അദ്ദേഹത്തെ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ജനങ്ങളെ ഒറ്റുകൊടുത്തയാളെന്നും കുറ്റപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രത്തോടൊപ്പം ഊഹാപോഹങ്ങളും പരക്കുകയാണ്. സിന്ധ്യ പഴയ തട്ടകത്തിൽ മടങ്ങിയെത്തുമോയെന്ന ചോദ്യം ചിത്രത്തെ മുൻനിർത്തി പലരും ഉന്നയിക്കുന്നു. പഴയ സുഹൃത്തുക്കൾ വീണ്ടും ഒന്നിക്കുമോ എന്ന അടിക്കുറിപ്പുമായാണ് ചിത്രം കൂടുതൽ പങ്കുവെക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.