അഖാഡകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി; ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി
text_fieldsചണ്ഡിഗഢ്: ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രങ്ങളായ അഖാഡകൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റങ് പുനിയ അടക്കം ഗുസ്തി താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഛാറ ഗ്രാമത്തിലെ വിരേന്ദർ അഖാഡയിലാണ് രാഹുൽ ബുധനാഴ്ച രാവിലെ ആദ്യമെത്തിയത്. ഗോദയിൽ ബജ്റങ് പുനിയയുമായി ഒരുകൈ നോക്കാനും അദ്ദേഹം തയാറായി.
ഗുസ്തിക്കാരുടെ ജീവിതം കണ്ടറിയാനാണ് രാഹുൽ ഗാന്ധിയെത്തിയതെന്ന് ബജ്റങ് പുനിയ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റു താരങ്ങളുമായും അദ്ദേഹം ഗുസ്തി സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്തു. ഇന്ത്യയുടെ പുത്രിമാരായ ഗുസ്തിക്കാർക്ക് വേദിയിലെ പോരാട്ടം ഉപേക്ഷിച്ച് അവകാശങ്ങൾക്കും നീതിക്കും വേണ്ടി തെരുവിൽ പോരാടേണ്ടിവന്നാൽ അവരുടെ മക്കളെ ഈ പാത തിരഞ്ഞെടുക്കാൻ ആരാണ് പ്രോത്സാഹിപ്പിക്കുകയെന്ന് പിന്നീട് രാഹുൽ ‘എക്സി’ൽ കുറിച്ചു. കർഷക കുടുംബങ്ങളിൽനിന്നുള്ള നിഷ്കളങ്കരും നേരുള്ളവരുമായ അവർ ത്രിവർണ പതാകയെ സേവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തർ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവുകൂടിയായ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബജ്റങ് പുനിയയും വിരേന്ദർ സിങ് യാദവും പത്മശ്രീ പുരസ്കാരം തിരികെ നൽകി. വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.