‘വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹത്തിന്‍റെ കട തുറക്കുക...’; ഡാനിഷ് അലിയെ സന്ദർശിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ബി.ജെ.പി എം.പി അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ സന്ദർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിലെ ഡാനിഷിന്‍റെ വീട്ടിലെത്തിയാണ് രാഹുൽ അദ്ദേഹത്തിന് പിന്തുണ അറിയിച്ചത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ലോക്സഭയിൽ ഡാനിഷിനെതിരെ അസഭ്യവർഷം നടത്തിയത്. ഡാനിഷ് തീവ്രവാദിയാണെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ഈസമയം പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിവാദമായതോടെ ബി.ജെ.പി നേതൃത്വം ബിധുരിയോട് വിശദീകരണം തേടി. ഡാനിഷ് അലി സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്. ‘വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹത്തിന്‍റെ കട തുറക്കുക’ എന്ന ഭാരത് ജോഡോ യാത്രയിലെ വാക്കുകൾ തന്നെയാണ് കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങളോടും ആവർത്തിച്ചത്.
ഡാനിഷ് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബിധുരി നടത്തിത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ലോക്സഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.