‘ഇപ്പോഴും ഭീതിയുടെ നിഴലിൽ, തോക്കുകളുടെയും കാമറകളുടെയും നിരീക്ഷണത്തിൽ’ -ഹാഥറസ് ഇരയുടെ കുടുംബത്തിന്റെ സ്ഥിതി ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ‘കുടുംബം മുഴുവൻ ഇപ്പോഴും ഭീതിയുടെ നിഴലിൽ കഴിയുകയാണ്. കുറ്റവാളികളെ പോലെയാണ് അവരോട് പെരുമാറുന്നത്. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. എപ്പോഴും തോക്കുകളുടെയും കാമറകളുടെയും നിരീക്ഷണത്തിൽ. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ് തങ്ങൾ കഴിയുന്നതെന്ന് അവർ പറയുന്നു’ -ദേശീയ തലത്തിൽ ചർച്ചയായ യു.പിയിലെ ഹാഥറസ് കൂട്ടബലാത്സംഗ ഇരയുടെ കുടുംബം ഇപ്പോഴും അനുഭവിക്കുന്ന ഭീകരമായ വിവേചനം ലോകത്തിന് മുന്നിൽ തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹോദരി പ്രിയങ്കഗാന്ധിയോടൊപ്പം സന്ദർശിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ് തങ്ങൾ കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ കുടുംബം രാഹുൽ ഗാന്ധി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ് അടക്കമുള്ളവർക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രാഹുൽ വീണ്ടും കുടുംബത്തെ കാണാനായി വ്യാഴാഴ്ച ഹാഥറസിലെത്തിയത്. സുരക്ഷക്കായി വീടിന് പുറത്ത് വിന്യസിച്ച ഉദ്യോഗസ്ഥർ തങ്ങളെ എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടികൾക്ക് പഠിക്കാനോ ജോലി നേടാനോ സാധിക്കുന്നില്ല. നാല് വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നും അവർ തുടർന്നു. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുപകരം സർക്കാർ അവരെ പലതരത്തിൽ പീഡിപ്പിക്കുകയാണ്. മറുവശത്ത്, പ്രതികൾ സ്വതന്ത്രമായി വിഹരിക്കുന്നു.
ഇരയുടെ കുടുംബം ഇപ്പോഴും അനുഭവിക്കുന്ന കാര്യങ്ങൾ ഞെട്ടലുളവാക്കുന്നതാണെന്ന് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവർത്തകരെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ സുരക്ഷ ഉദ്യോഗസ്ഥർ അനുവദിച്ചത്. പ്രതിപക്ഷ നേതാവിന്റെ സന്ദർശനം ആശ്വാസം നൽകുന്നതാണെന്ന് കുടുംബം പ്രതികരിച്ചു.
പ്രിയങ്കയോടൊപ്പം രാഹുൽ 2020 ഒക്ടോബറിൽ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഹാഥറസ് സന്ദര്‍ശിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാൻ വേണ്ടിയാണെന്ന് യു.പി ന്യൂനപക്ഷ മന്ത്രി കുറ്റപ്പെടുത്തി. സന്ദർശനത്തിനെതിരെ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും രംഗത്തുവന്നു. കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമമെന്നും സന്ദർശനം യു.പിയെ വീണ്ടും കുഴപ്പത്തിലാക്കുമെന്നും പഥക് ആരോപിച്ചു. ഹാഥറസ് കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതാണ്. ആ സംഭവം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പഥക് പറഞ്ഞു.
യു.പിയിലെ വികസനവും നിയമപരിപാലനവും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന രീതിയിലേക്ക് വളർന്നു കഴിഞ്ഞു. അതെല്ലാം തടസ്സപ്പെടുത്തുകയും സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കണം. അനാവശ്യമായ പ്രകോപനങ്ങളാൽ രാജ്യം തളർന്നിരിക്കുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ രാഹുലിന്റെ സന്ദർശനത്തെ പിന്തുണച്ച് കോൺഗ്രസ് രംഗത്തുവന്നു. ഇരകൾക്ക് നീതി തേടിക്കൊടുക്കുക എന്ന പ്രതിജ്ഞാബദ്ധയുടെ പുറത്താണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനമെന്നും കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ നേതാക്കളാണ് രാഹുലും പ്രിയങ്കയും. എവിടെ അനീതിയുണ്ടായാലും അവിടെയൊക്കെ ഇരകൾക്കൊപ്പമാണ് രാഹുലും പ്രിയങ്കയും നിലകൊണ്ടത്. -കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചന്ദ്രഗുപ്ത വിക്രമാദിത്യ പറഞ്ഞു.
2020 സെപ്റ്റംബർ 14നാണ് ഹാഥറസിലെ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സെപ്റ്റംബർ 29ന് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.
സി.ബി.ഐ അന്വേഷണത്തിൽ നാലുപേർക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.