വരുൺ ഗാന്ധി കോൺഗ്രസിലേക്ക്? കേദാർനാഥിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കേദാർനാഥ് ക്ഷേത്രത്തിൽ വെച്ച് കസിൻ സഹോദരനും ബി.ജെ.പി എം.പിയുമായ വരുൺ ഗാന്ധിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം ഇരുവരുമൊന്നിച്ച് അൽപനേരം സംസാരിച്ചതായാണ് വിവരം.
സഹോദരങ്ങളാണെങ്കിലും ഇരുവരും പൊതുയിടങ്ങളിൽ അപൂർവമായോ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ളൂ. ഇപ്പോൾ രണ്ടുപേരും നടത്തിയ കൂടിക്കാഴ്ച വരുൺ ഗാന്ധി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നതിന്റെ സൂചനയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുൺ ഗാന്ധി. സമീപ കാലത്ത് നടന്ന ഉന്നത ബി.ജെ.പി യോഗങ്ങളിലൊന്നും വരുൺ ഗാന്ധിയെ കണ്ടിരുന്നില്ല. കർഷക നിയമമുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ബി.ജെ.പിക്കെതിരായ നിലപാടായിരുന്നു വരുൺ ഗാന്ധിയുടെത്. കുറഞ്ഞ നേരമാണ് രാഹുലും വരുണും സംസാരിച്ചതെങ്കിലും ക്രിയാത്മകമായിരുന്നു അതെന്നാണ് റിപ്പോർട്ട്. വരുണിന്റെ മകളെ കണ്ടതും രാഹുലിന്റെ സന്തോഷം ഇരട്ടിപ്പിച്ചു.
അതേസമയം, കൂടിക്കാഴ്ചക്കിടെ രാഷ്ട്രീയം കടന്നുവന്നില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. മുമ്പൊരിക്കൽ, വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസിലേക്ക് ആർക്കും കടന്നുവരാമെന്നായിരുന്നു രാഹുലിന്റെ മറുപടി. കോൺഗ്രസ് എതിർക്കുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയമാണ് വരുൺ പിന്തുടരുന്നതെന്നും രാഹുൽ സൂചിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി മൂന്നുദിവസമായി കേദാർനാഥിലുണ്ട്. ചൊവ്വാഴ്ചയാണു വരുൺ ഗാന്ധി കുടുംബസമേതം കേദാർനാഥിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.