ഹാഥറസ് ഇരകളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി; സഹായം ഉറപ്പാക്കുമെന്ന് വാഗ്ദാനം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അലിഗഢിലെത്തിയാണ് കുടുംബങ്ങളെ രാഹുൽ സന്ദർശിച്ചത്. എല്ലാ സഹായങ്ങളും രാഹുൽ വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ച നടത്തിയവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ ഹാഥറസിലേക്ക് പുറപ്പെട്ടത്. ദുരന്തസ്ഥലം സന്ദർശിക്കുന്ന രാഹുൽ, മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ഇന്നലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുൽ ഹാഥറസ് സന്ദർശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, കൂട്ടമരണവുമായി ബന്ധപ്പെട്ട് ആറു പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയിൽ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്തീകളുമാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ചടങ്ങിന്റെ ‘മുഖ്യ സേവദാർ’ ദേവ്പ്രകാശ് മധുകർ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വയം പ്രഖ്യാപിത ആൾദൈവമായ ജഗദ്ഗുരു സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിൽ ഹാഥറസിൽ നടന്ന പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.
ഹാഥറസ് ജില്ലയിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫുൽറായ്ക്ക് സമീപം കാൺപൂർ- കൊൽക്കത്ത പാതക്കരികിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ രണ്ടു മണിയോടെ ദുരന്തമുണ്ടായത്. വയലിൽ നിർമിച്ച താൽകാലിക വേദിയിലായിരുന്നു സത്സംഗ്. ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ കാറിൽ കയറുകയായിരുന്ന ഭോലെ ബാബയെ ദർശിക്കാനും കാൽപാദത്തിനടിയിലെ മണ്ണ് ശേഖരിക്കാനും വലിയ തിരക്ക് അനുഭവപ്പെട്ടു.
വയലിലെ ചളിയിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നു. ഭോലെ ബാബയുടെ സുരക്ഷ ഭടന്മാർ ആളുകളെ പുറത്തുപോകാൻ അനുവദിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ചവിട്ടേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാതെ സംഘാടകർ മുങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.