അദാനിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ; അധികാരത്തിലെത്തിയാൽ ധാരാവി കരാറിൽ നിന്ന് ഒഴിവാക്കും
text_fieldsന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നമ്മൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നത്. ഗൗതം അദാനിയുടെ താൽപര്യങ്ങളാണ് മോദി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മഹാരാഷ്ട്രയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. രണ്ട് ബാനറുകളുമായിട്ടാണ് രാഹുൽ ഇന്ന് വാർത്ത സമ്മേളനത്തിന് എത്തിയത്. ഇതിലൊന്ന് അവർ ഒരുമിച്ച് നിൽക്കുന്നിടത്തോളം കാലം അവർ സുരക്ഷിതരായിരിക്കുമെന്ന ബാനറാണ്. രണ്ടാമത്തേതിൽ ധാരാവി ചേരിയുടെ പുനർവികസന പദ്ധതിയുടെ മാപ്പാണ്.
മഹാരാഷ്ട്രയിലെ മുഴുവൻ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനർ വികസന പദ്ധതി അദാനിക്ക് നൽകാൻ വേണ്ടി പ്രവർത്തിച്ചു. ധാരാവി പുനർവികസന കരാർ ഒരാൾക്ക് മാത്രം നൽകാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ മറ്റ് സ്വത്തുക്കൾ എന്നിവയെല്ലാം ഒരാൾക്ക് നൽകാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരൻമാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടാമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം കോൺഗ്രസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ അധികാരത്തിലെത്തിയാൽ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നൽകിയ കരാർ റദ്ദാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.