ചരിത്രം കുറിച്ച് രാഹുൽ ഗാന്ധി നാഷനൽ പ്രസ് ക്ലബിൽ; വൈറലായി നെഹ്റുവിന്‍റെ സംവാദം
text_fieldsന്യൂഡൽഹി: വാഷിങ്ടണിലെ ദ് നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംവദിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് മറ്റൊരു വിഡിയോ. വർഷങ്ങൾക്ക് മുമ്പ് രാഹുലിന്‍റെ പിതാമഹനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു നാഷനൽ പ്രസ് ക്ലബിൽ സംവദിക്കുന്നതിന്‍റെ വിഡിയോ നെഹ്രുവിയൻ എന്ന സോഷ്യൽ മിഡീയ അക്കൗണ്ട് ആണ് പുറത്തുവിട്ടത്.
രാഹുൽ അടക്കം നെഹ്റു-ഗാന്ധി കുടുംബത്തിലെ നാലു തലമുറകൾ പ്രശസ്തമായ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംവദിച്ചിട്ടുള്ളത് ചരിത്രമാണ്. ജവഹർലാൽ നെഹ്റുവിനെ കൂടാതെ രാഹുലിന്‍റെ മുത്തശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധി, പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി എന്നിവരാണ് മറ്റുള്ളവർ.
നാഷനൽ പ്രസ് ക്ലബിൽ പത്രപ്രവർത്തകരോട് സംവദിക്കുന്നതിന് മുന്നോടിയായി ഇക്കാര്യം രാഹുൽ ഗാന്ധി ഓർമിപ്പിക്കുകയും ചെയ്തു. നാഷനൽ പ്രസ് ക്ലബിൽ സംവദിക്കാൻ തന്‍റെ കുടുബത്തിലെ നാല് തലമുറക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അതിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് രാഹുൽ പറഞ്ഞത്.
ദേശീയ, രാജ്യാന്തര വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി സംവാദത്തിൽ നെഹ്റു നൽകുന്നത് വിഡിയോയിൽ കാണാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ കുറിച്ചും സംസ്ഥാനങ്ങളിലെ വിഷയങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സമാന രീതിയിലുള്ള മറുപടിയാണ് രാഹുൽ ഗാന്ധിയും നൽകുന്നത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സംയുക്ത പ്രതിപക്ഷത്തിന് കഴിയുമെന്ന് സംവാദത്തിൽ രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനത്തെ അത്ഭുതപ്പെടുത്ത തരത്തിൽ കോൺഗ്രസ് ഉജ്ജ്വല പ്രകടനം കാഴ്ചവെക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.
‘പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ചകൾ നടത്തുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കരുതുന്നു. പ്രതിപക്ഷവും ഞങ്ങളും പരസ്പരം മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ തന്നെ അതൊരു സങ്കീർണമായ ചർച്ചയാണ്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചകൾ ആവശ്യമാണ്. പക്ഷേ, പ്രതിപക്ഷത്തിന്‍റെ മഹാ സഖ്യം രൂപപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -രാഹുൽ കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. മാനനഷ്ട കേസിൽ കോടതി വിധിയെ തുടർന്ന് ലോക്സഭാ അംഗത്വം നഷ്ടപ്പെട്ടത്തിനെ കുറിച്ചും രാഹുൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.