‘മോദി ജീ, അത് വ്യക്തിപരമായ കാര്യമല്ല’; യു.എസിൽ പ്രധാനമന്ത്രി അദാനി ചോദ്യത്തിന് നൽകിയ മറുപടിക്കെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരായ കോഴ ആരോപണങ്ങളെ കുറിച്ചുള്ള യു.എസ് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മോദി ജീ, അത് വ്യക്തിപരമായ കാര്യമല്ലെന്നായിരുന്നു രാഹുലിന്‍റെ പരാമർശം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ അദാനിക്കെതിരെ ഉയർന്ന കോഴ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് അന്ന് പ്രധാനമന്ത്രി യു.എസ് മാധ്യമങ്ങളോട് പറഞ്ഞത്. ഗൗതം അദാനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലെ രണ്ട് നേതാക്കള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ ഒന്നുംതന്നെ ചര്‍ച്ചചെയ്യില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.
അത് വ്യക്തിപരമായ കാര്യമല്ലെന്നും നാടിന്‍റെ വിഷയമാണെന്നും രാഹുൽ പറഞ്ഞു. തന്‍റെ ലോക്സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ലാൽഗഞ്ചിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടിരുന്നു.
അടുത്തിടെ അദാനി ഗ്രൂപ്പിനെതിരെ അഴിമതിക്കുറ്റം ചുമത്താനുപയോഗിച്ച 1977ലെ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ) നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. എഫ്.സി.പി.എയുടെ പരിധിയിൽ വരുന്ന അന്വേഷണങ്ങളും നടപടികളും നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങളും നയങ്ങളും അവലോകനം ചെയ്യുന്നതിനുവേണ്ടിയാണ് നടപടി.
അതിനായി നീതിന്യായവകുപ്പിന് 180 ദിവസത്തെ സമയം നൽകി. അതുവരെ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും എതിരേയുള്ള അഴിമതി ആരോപണത്തിൽ നടപടി ഉണ്ടാകില്ല. സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 25 കോടി ഡോളർ (ഏകദേശം 2100 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരേയുള്ള ആരോപണം. ഇത് പദ്ധതിയിൽ നിക്ഷേപം നടത്തിയ യു.എസ്. ബാങ്കുകളെയും നിക്ഷേപകരെയും അറിയിച്ചില്ലെന്നതാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.