'എല്ലാവരെയും തകർക്കുന്നു'; ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില എല്ലാവരെയും തകർക്കുകയാണെന്നും വിലവർധനവിന്‍റെ കാര്യത്തിൽ മാത്രമാണ് വികസനമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
സർക്കാർ നികുതി വർധിപ്പിച്ചില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 66 രൂപയും ഡീസൽ ലിറ്ററിന് 55 രൂപയും ആകുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 'നികുതി പിടിച്ചുപറി' എന്ന ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്.
അടിക്കിടി രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനാൽ ജനജീവിതം ദുരിതപൂർണമായിരിക്കുകയാണ്. ഞായറാഴ്ച 35 പൈസയാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന് ലിറ്ററിന് 79 രൂപ മാത്രമാണ് ഡൽഹിയിലെ വില. എന്നാൽ, രാജസ്താനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ് കുതിക്കുകയാണ്.
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിട്ടുണ്ട്. ഇതിന് പിന്നാലെ തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡീസൽ വിലയും 100 പിന്നിട്ടു. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ ഇന്ത്യയിൽ ഇനിയും പെട്രോൾ-ഡീസൽ വില വർധിക്കാൻ തന്നെയാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.