പട്ടികജാതി-വർഗ അതിക്രമം: റിവ്യൂ ഹരജിക്ക് സമ്മർദം
text_fieldsന്യൂഡൽഹി: പട്ടികജാതി-വർഗ വിഭാഗങ്ങളിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾ നേരിടുന്ന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകാൻ സമ്മർദം. കേന്ദ്ര സർക്കാർ ഉചിത നടപടി സ്വീകരിക്കാൻ പാകത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം നൽകി. ബി.ജെ.പിയിലെയും എൻ.ഡി.എ സഖ്യത്തിലെയും ദലിത് എം.പിമാർ മൂന്നു കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമീപിച്ചു.
രാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിനിടയിൽതന്നെയാണ്, ഇത്തരം കേസുകളിൽ പ്രതികൾക്ക് ഇളവുകൾ കിട്ടാൻ സഹായിക്കുന്ന വിധി സുപ്രീംകോടതിയിൽനിന്നുണ്ടായതെന്ന് രാഷ്ട്രപതിയെ കണ്ട നിവേദക സംഘം ചൂണ്ടിക്കാട്ടി. ദലിത് സ്നേഹം പ്രകടിപ്പിക്കുകയും അതിക്രമം നടത്തുന്നവരെ സഹായിക്കുന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കുകയുമാണ് സർക്കാർ ചെയ്തത്.
കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാൻ, തവർചന്ദ് ഗെഹ്ലോട്ട്, രാംദാസ് അതാവലെ എന്നിവരുടെ നേതൃത്വത്തിലാണ് എൻ.ഡി.എയുടെ പിന്നാക്ക വിഭാഗം എം.പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് റിവ്യൂ ഹരജി നൽകണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു.
ദലിതർക്കെതിരെ അതിക്രമം കാട്ടുന്നവരെ ഉടനടി അറസ്റ്റു ചെയ്യുന്നതിന് നിലവിലെ പട്ടികജാതി/വർഗ അതിക്രമ നിരോധന നിയമത്തിനു കീഴിലുള്ള വ്യവസ്ഥ ഇക്കഴിഞ്ഞ 20ലെ ഉത്തരവിലൂടെയാണ് സുപ്രീംകോടതി ദുർബലപ്പെടുത്തിയത്. നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇത്. നിയമന അധികൃതരുടെ അംഗീകാരമില്ലാതെ പൊതുസേവകനെ അറസ്റ്റുചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.