പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ലെന്ന് രാഹുൽ നേരത്തേ പ്രവചിച്ചിരുന്നതായി റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരില്ലെന്ന് ആദ്യദിനം തന്നെ രാഹുല്‍ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. രാഹുലിനോട് അടുത്ത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് പാര്‍ട്ടികളുമായി വിലപേശാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രശാന്ത് കിഷോര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും രാഹുലിനോട് അടുത്ത നേതാക്കൾ കരുതുന്നു.
പ്രശാന്ത് കിഷോറിന് എംപവേർഡ് കോൺഗ്രസ് കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് സംബന്ധമായ ചുമതലകൾ നൽകാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം അല്ലെങ്കില്‍ എ.ഐ.സി.സി പ്രസിഡന്റിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരുന്നു പ്രശാന്ത് കിഷോര്‍ ആഗ്രഹിച്ചിരുന്നത്.
പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്ന കാര്യം നിഷേധിച്ചതിന്റെ അനുഭവത്തിലാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കില്ലെന്ന് രാഹുല്‍ പ്രവചിച്ചതെന്ന് നേതാക്കൾ പറയുന്നു. 2024ലെ പാര്‍ട്ടിയുടെ തിരിച്ചുവരവിനായുള്ള പദ്ധതികള്‍ അവതരിപ്പിക്കാന്‍ നേതാക്കളുമായി ചര്‍ച്ചക്ക് അവസരം വേണമെന്ന് പ്രശാന്ത് കിഷോര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോട് തണുത്ത പ്രതികരണമായിരുന്നു രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പ്രിയങ്ക ഗാന്ധി വഴിയാണ് പ്രശാന്ത് ചര്‍ച്ചക്ക് അവസരം ഉണ്ടാക്കിയത്.
മറ്റു പല പാർട്ടികളുമായും അടുത്ത ബന്ധമുള്ള പ്രശാന്ത് കിഷോർ കോൺഗ്രസ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് പല മുതിർന്ന നേതാക്കളുടേയും കണക്കുകൂട്ടൽ. നേരത്തെ പല തവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രശാന്ത് കിഷോര്‍ അറിയിക്കുകയും ഇക്കാര്യം കോണ്‍ഗ്രസ് ശരിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.