വിലക്ക് ലംഘിച്ച് രാഹുലും പ്രിയങ്കയും സംഭലിലേക്ക്; വഴിയിൽ തടയാൻ നാലുജില്ലകൾക്ക് നിർദേശം
text_fieldsന്യൂഡൽഹി: ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് നടന്ന വർഗീയ സംഘർഷത്തിൽ അഞ്ച് മുസ്‍ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. രാഹുലിനെയും സംഘത്തെയും തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് വകവെക്കാതെ മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭലിലേക്ക് രാഹുൽ പുറപ്പെടുക.
അതിനിടെ, രാഹുൽ ഗാന്ധിയെ വഴിയിൽ തടയാൻ സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ സമീപത്തെ നാല് ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു. അതത് ജില്ല അതിർത്തികളിൽ തടഞ്ഞുനിർത്തി സംഭലിൽ പ്രവേശിക്കുന്നത് തടയണമെന്നാണ് അഭ്യർഥന. ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകൾക്കാണ് ഈ ആവശ്യമുന്നയിച്ച് കത്തയച്ചത്. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.
സാധാരണ നിലയിലായ സംഭലിൽ രാഹുൽ ഗാന്ധി എത്തുന്നത് പ്രകോപനത്തിന് കാരണമാകുമെന്ന് പറഞ്ഞ് സന്ദർശനം റദ്ദാക്കാൻ മുറാദാബാദ് ഡിവിഷനൽ കമീഷണർ അഞ്ജനേയ കുമാർ സിങ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി അടക്കം ഉത്തർപ്രദേശിലെ അഞ്ച് കോൺഗ്രസ് എം.പിമാർ ബുധനാഴ്ച സംഭൽ സന്ദർശിക്കുമെന്ന് പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചിരുന്നു. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയും ഉണ്ടാകും.
"നവംബർ 24 ന് സർവേയെ തുടർന്ന് മുസ്‍ലിം സമുദായാംഗങ്ങൾ വെടിവെപ്പും കല്ലേറും തീവെപ്പും നടത്തി വൻ പ്രതിഷേധം സംഘടിപ്പിച്ചു. തൽഫലമായി സംഭൽ ജില്ലയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്. ഡിസംബർ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ സംഘടനകളോ ജനപ്രതിനിധികളോ സംഭൽ ജില്ലയിൽ പ്രവേശിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്’ -ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ് പൊലീസ് കമ്മീഷണർമാർക്കും അംറോഹ, ബുലന്ദ്ഷഹർ പൊലീസ് സൂപ്രണ്ടുമാർക്കും സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് അയച്ച കത്തിൽ പറഞ്ഞു.
അതിനിടെ, സംഭൽ ശാഹി മസ്ജിദ് സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചതായി മുസ്‍ലിം ലീഗ് എം.പിമാർ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് എം.പിമാർ ഇതുസംബന്ധിച്ച ചർച്ച നടത്തി. പാർലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടർ പിച്ചിച്ചീന്തുകയാണെന്നും ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് അനുമതി നൽകിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
സംഭൽ വർഗീയ സംഘർഷത്തെ ചൊല്ലി ഇന്നലെ ലോക്സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് അലഹബാദ് എം.പി ഉജ്ജ്വൽരമൺ സിങ്ങും മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കൾ ശൂന്യവേളയിൽ സംഭൽ ഉന്നയിച്ചത് ബി.ജെ.പി എം.പിമാർ പ്രതിരോധിക്കാൻ ശ്രമിച്ചു.
സംഭൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടിയുടെയും ലീഗിന്റെയും എം.പിമാർ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിക്ക് സഭ ചേർന്നയുടൻ എഴുന്നേറ്റ എസ്.പി നേതാവ് അഖിലേഷ് യാദവ് അടിയന്തര ചർച്ചക്ക് ആവശ്യമുന്നയിച്ചു. ഇത് അംഗീകരിക്കാതെ ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞ് ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ടുപോയി. ഇതോടെ ‘‘സംഭലിൽ ചർച്ച നടത്തൂ, കുറ്റവാളികൾക്ക് ശിക്ഷ നൽകൂ’’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ധർമേന്ദ്രയാദവിന്റെ നേതൃത്വത്തിൽ എസ്.പി എം.പിമാരും നടുത്തളത്തിലേക്ക് നീങ്ങിയപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറും കൂടെ നീങ്ങി. ഇവർക്ക് പിന്നാലെ കോൺഗ്രസ് എം.പിമാരും എഴുന്നേറ്റു. അൽപനേരത്തെ പ്രതിഷേധത്തിനു ശേഷം മുദ്രാവാക്യം വിളികളുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംഭൽ വർഗീയ സംഘർഷം യഥാർഥത്തിൽ ഡൽഹിയും ലഖ്നോയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ലഖ്നോയിലെത്തിയവർ ഡൽഹിയിലെത്താൻ വേണ്ടി നടത്തിയതാണ് ഇതെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്താൻ ബി.ജെ.പിക്കുള്ളിൽ നടക്കുന്ന അധികാര മത്സരത്തിലേക്ക് വിരൽചൂണ്ടിയായിരുന്നു ശൂന്യവേളയിൽ അഖിലേഷിന്റെ വിമർശനം. ബി.ജെ.പി ബെഞ്ചുകൾ ഇളകിമറിഞ്ഞതോടെ അഖിലേഷിന്റെ സംസാരം സ്പീക്കർ തടഞ്ഞു.
സംഭൽ സംഭവം രാഷ്ട്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് അഖിലേഷ് പറഞ്ഞു. ബി.ജെ.പിയും അവരെ പിന്തുണക്കുന്നവരും രാജ്യത്തിന്റെ മുക്കിലും മൂലയിലും കുഴിക്കാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സൗഹാർദത്തെയും സാഹോദര്യത്തെയുമാണ് അതിലൂടെ കുഴിക്കുന്നത്. മറുപക്ഷത്തെ കേൾക്കാതെയാണ് ഹരജി പരിഗണിച്ച നവംബർ 19നുതന്നെ സംഭൽ ശാഹി ജമാ മസ്ജിദിൽ സർവേക്ക് ഉത്തരവിട്ടത്. തുടർന്ന് രണ്ട് മണിക്കൂറിനകം രാത്രിയോടെ പള്ളിയിലെത്തി അധികാരികളും പൊലീസും സർവേ നടത്തിയതാണ്. എന്നാൽ, നവംബർ 22ന് പൊലീസ് നമസ്കാരം തടസ്സപ്പെടുത്താൻ നോക്കി. 23ന് രാത്രി വീണ്ടും സർവേ നടത്തുമെന്ന് പറഞ്ഞ് പൊലീസും ജില്ല ഭരണകൂടവും വീണ്ടും വന്നു. കോടതി ഉത്തരവുണ്ടെങ്കിലേ രണ്ടാം സർവേ പറ്റൂ എന്ന് കോടതി പറഞ്ഞുവെങ്കിലും പിറ്റേന്ന് രാവിലെ ലാത്തിച്ചാർജ് നടത്തി ബലംപ്രയോഗിച്ച് പള്ളിക്ക് അകത്തേക്ക് കടന്നു. തുടർന്ന് സ്വകാര്യ തോക്കുകളുപയോഗിച്ച് പൊലീസ് ആണ് അഞ്ച് നിരപരാധികളായ യുവാക്കളെ വെടിവെച്ചുകൊന്നതെന്നും സംഭലിലെ സൗഹാർദത്തിനു നേരെയാണ് വെടിവെച്ചതെന്നും അഖിലേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.