'മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരല്ലെന്ന്'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഹുലിനും പ്രിയങ്കക്കും ക്ഷണമുണ്ടാകില്ല
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ക്ഷണമുണ്ടാകില്ലെന്ന് റിപ്പോർട്ട്. രാം മന്ദിർ തീർഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലും പ്രിയങ്കയും യോഗ്യതക്ക് പുറത്താണ്. അതേസമയം, ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് സോണിയ ഗാന്ധിക്ക് ക്ഷണമുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയെന്ന നിലയിലാണ് സോണിയയെ ക്ഷണിച്ചത്.
മുഖ്യധാരാ പാർട്ടികളുടെ അധ്യക്ഷന്മാർ, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, 1984-നും 1992-നും ഇടയിൽ രാമക്ഷേത്ര സമരത്തിൽ പങ്കെടുത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള രാഷ്ട്രീയ അതിഥികൾക്കാണ് ട്രസ്റ്റ് ക്ഷണകത്ത് അയച്ചിട്ടുള്ളത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, 2014 മുതൽ ലോക്‌സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ കോൺഗ്രസിന്റെ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും ഉടൻ കത്തയക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. ബി.ജെ.പി പ്രവർത്തകരായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ശ്രീരാമൻ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിങ് ചോദിച്ചു. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരിക്കെയാണ് ദ്വിഗ് വിജയ്സിങിന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.