ജനങ്ങളുടെ റിട്ടയർമെന്‍റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്‍? പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി. ഹിഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ടും ജനങ്ങളുടെ റിട്ടയർമെന്‍റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുന്നതെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അദാനിക്കെതിരെ അന്വേഷണമില്ലെന്നും പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും രാഹുൽ ചോദിച്ചു.
'എൽ.ഐ.സിയുടെ മൂലധനം അദാനിക്ക്, എസ്.ബി.ഐയുടെ മൂലധനം അദാനിക്ക്, ഇ.പി.എഫ്.ഒയുടെ മൂലധനവും അദാനിയിലേക്ക്! 'മോദാനി' വെളിപ്പെട്ടിട്ടും എന്തിനാണ് ജനങ്ങളുടെ റിട്ടയർമെന്‍റ് പണം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്‍? പ്രധാനമന്ത്രി ജീ, അന്വേഷണം ഇല്ല, ഉത്തരം ഇല്ല! എന്തിനാണ് ഇത്രയും ഭയം.' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ലോകസഭ അംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെ ചോദ്യങ്ങൾ തുടരുമെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അയോഗ്യതയടക്കം ബി.ജെ.പി മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അദാനി വിഷയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ജനുവരി 24നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത്. സ്റ്റോക്ക് മാർക്കറ്റിൽ അദാനി ഗ്രൂപ്പ് ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തുന്നുവെന്നതായിരുന്നു ഹിൻഡൻബർഗിന്‍റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.