അധികാരത്തിൽ വന്നാൽ ജാതിസെൻസസ് നടത്തും -രാഹുൽ ഗാന്ധി
text_fieldsബിലാസ്പുർ (ഛത്തിസ്ഗഢ്): കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടത്തുമെന്നും ഇതിലൂടെ മാത്രമേ ദലിത്, ആദിവാസി, വനിത, പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുകയുള്ളൂവെന്നും രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ നടത്തിയ ജാതി സെൻസസിന്റെ റിപ്പോർട്ട് പുറത്തുവിടാൻ നരേന്ദ്ര മോദി സർക്കാർ തയാറാവുന്നില്ല. വീടില്ലാത്തവർക്ക് ധനസഹായം നൽകുന്ന ഛത്തിസ്ഗഢ് കോൺഗ്രസ് സർക്കാറിന്റെ ‘ഗ്രാമീൺ ആവാസ് ന്യായ് പദ്ധതി’ റിമോട്ട് കൺട്രോളിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ പരസ്യമായി റിമോട്ട് കൺട്രോൾ ഞെക്കുമ്പോൾ കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കുകയും ചെയ്യുമെന്ന് റിമോട്ട് കൺട്രോൾ ഉയർത്തിക്കാണിച്ച് രാഹുൽ പറഞ്ഞു. എന്നാൽ, ബി.ജെ.പി രഹസ്യമായി റിമോട്ട് കൺട്രോൾ ഉപയോഗിക്കുമ്പോൾ അദാനിക്ക് മുംബൈ വിമാനത്താവളവും തുറമുഖങ്ങളും റെയിൽവേ കരാറുകളുമാണ് ലഭിക്കുന്നത്. അദാനിയും മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തതിനാണ് തന്റെ ലോക്സഭാംഗത്വം റദ്ദാക്കിയത്. സർക്കാറിനെ നിയന്ത്രിക്കുന്നത് സെക്രട്ടറിമാരും കാബിനറ്റ് സെക്രട്ടറിമാരുമാണ്. എം.പിമാരോ എം.എൽ.എമാരോ അല്ല. കേന്ദ്ര സർക്കാറിന്റെ മന്ത്രാലയങ്ങളിലെ 90 സെക്രട്ടറിമാരിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ മൂന്നുപേർ മാത്രമാണ്. ഇതിനൊക്കെ പോംവഴി ജാതിസെൻസസാണ്. ജാതിസെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.