യുവജന ഐക്യത്തിന്‍റെ വിജയം; ഒന്നിക്കുന്നവർ വിജയിക്കും ഭിന്നിപ്പിക്കുന്നവർ തകർക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥി ശക്തിയുടെയും യുവജന ഐക്യത്തിനും വൻ വിജയമെന്ന് രാഹുൽ എക്സിൽ കുറിച്ചു.
'വിദ്യാർഥി ശക്തിയുടെയും യുവജന ഐക്യത്തിനും വൻ വിജയം. ഉത്തർപ്രദേശിൽ പൊലീസ് പരീക്ഷ അവസാനം റദ്ദാക്കി. സന്ദേശം വ്യക്തമാണ്. സർക്കാർ എത്രമാത്രം സത്യത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും ഒറ്റക്കെട്ടായി പോരാടിയാൽ മാത്രമേ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാനാകൂ. ഒന്നിക്കുന്നവർ വിജയിക്കും ഭിന്നിപ്പിക്കുന്നവർ തകർക്കപ്പെടും' -രാഹുൽ എക്സിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്നാണ് ഉത്തർപ്രദേശിൽ നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ഇന്നലെ റദ്ദാക്കിയത്. ഫെബ്രുവരി 17, 18 തീയതികളിലാണ് യു.പിയിലെ വിവിധയിടങ്ങളിലായി 48 ലക്ഷം പേർ എഴുതിയ കോൺസ്റ്റബിൾ പരീക്ഷ നടന്നത്.
ചോദ്യപേപ്പർ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കും. പരീക്ഷയിൽ കോപ്പിയടി ഉൾപ്പെടെ വിവിധ തട്ടിപ്പുകൾ നടത്തിയ സംഭവത്തിൽ 240ലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആറു മാസത്തിനകം വീണ്ടും പൊലീസ് കോൺസ്റ്റബിൾ പരീക്ഷ നടത്തും.
അടുത്ത തവണ പരീക്ഷ നടക്കുമ്പോൾ ഉദ്യോഗാർഥികളെ സൗജന്യമായി സർക്കാർ ചെലവിൽ പരീക്ഷ കേന്ദ്രത്തിലെത്തിക്കും. ഇതിനായി യു.പി.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.