കാർഷിക നിയമങ്ങളിലെ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ ബുക്ക്ലെറ്റ്; രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്ലെറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തിറക്കി. കാർഷിക നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ് കോൺഗ്രസിന്‍റെ ഐക്യദാർഢ്യം.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വരുത്തിവെക്കുന്ന അപകടത്തെക്കുറിച്ചാണ് ബുക്ക്ലെറ്റ്. ഡൽഹി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.
'രാജ്യത്ത് ഒരു ദുരന്തം നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ പ്രശ്നങ്ങളെ അവഗണിക്കുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഞാൻ കർഷകരെക്കുറിച്ച് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവരും ദുരന്തത്തിന്‍റെ ഭാഗമാണെന്ന് മാത്രമേയുള്ളൂ. ഇത് യുവജനങ്ങൾക്ക് പ്രധാനമാണ്. കാരണം ഇത് കഴിഞ്ഞുപോയതിനെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചാണ്' -രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കർഷകത്തൊഴിലാളികൾ ഭൂരിഭാഗവും എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളാണ്. അവരെ ഈ നിയമങ്ങൾ പ്രതികൂലമായി ബാധിക്കും. കാർഷിക നിയമങ്ങൾ കർഷകരെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ ബുക്ക്ലെറ്റിലുണ്ട്. കൂടാതെ സർക്കാറിനെയും പൊതുവിതരണ സമ്പ്രദായത്തെയും പുതിയ കാർഷിക നിയമങ്ങൾ എങ്ങനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നതായി ബുക്ക്ലെറ്റ് തയാറാക്കുന്നതിൽ പങ്കാളിയായിരുന്ന നേതാവ് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. കാർഷിക നിയമങ്ങൾക്കെതിരെ 2019 നവംബറിൽ ആരംഭിച്ച സമരം ഡൽഹി അതിർത്തിയിൽ തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.