രണ്ടരവർഷത്തിന് ശേഷം രാഹുൽ അമേത്തിയിൽ; കേന്ദ്ര, സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ പദയാത്ര ഇന്ന്
text_fieldsഅമേത്തി: രണ്ടരവർഷത്തിന് ശേഷം ഉത്തർപ്രദേശിലെ അമേത്തിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര, സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ രാഹുലിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധിയും പദയാത്രയിൽ പെങ്കടുക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ അണിനിരക്കുന്ന പദയാത്ര. കേന്ദ്രസർക്കാറിനെതിരെ രാജസ്ഥാനിൽ വൻ റാലി നടത്തിയതിന് പിന്നാലെയാണ് യു.പിയിൽ കോൺഗ്രസിന്‍റെ ആറുകിലോമീറ്റർ പദയാത്ര.
അമേത്തിയിൽനിന്ന് മൂന്നുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാഹുൽ ഗാന്ധി. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 50,000 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്. 2019 ജൂലൈ 10നായിരുന്നു രാഹുലിന്‍റെ അവസാന അമേത്തി സന്ദർശനം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായിരുന്നു ഇത്.
അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ അനുകൂല ഫലമുണ്ടാകുമെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്‍റെ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനം.
തെരഞ്ഞെടുപ്പിനെ സഖ്യമില്ലാതെ ഒറ്റക്ക് നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം. സ്ത്രീകളെ ലക്ഷ്യംവെച്ചാണ് പ്രവർത്തനം. സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക പ്രിയങ്ക ഗാന്ധി പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്നും കോൺഗ്രസിന്‍റെ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. യു.പി ഷാജഹാൻപൂരിലാണ് മോദിയുടെ സന്ദർശനം. ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് മോദി യു.പി സന്ദർശിക്കുന്നത്. ഗംഗ എക്സ്പ്രസ് വേക്ക് തറക്കല്ലിടൽ ശനിയാഴ്ച മോദി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.