വീണ്ടും രാഹുലിന്റെ കൈകളിലേക്ക്; പ്രിയങ്കക്കും പ്രധാന റോൾ
text_fieldsഉദയ്പുർ (രാജസ്ഥാൻ): കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ വൈകാതെ വീണ്ടും രാഹുൽ ഗാന്ധിയുടെ കൈകളിലേക്ക് എന്ന് വ്യക്തമായ സൂചന നൽകി നവസങ്കൽപ് ശിബിരം. മൂന്നു ദിവസത്തെ നേതൃയോഗത്തിന്റെ സമാപന ചടങ്ങിനെ രാഹുൽ പ്രത്യേകമായി അഭിസംബോധന ചെയ്തത് ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹം തയാറാവുന്നതിന്റെ ലക്ഷണമായി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സെപ്റ്റംബറിൽ തെരഞ്ഞെടുപ്പു നടക്കുന്ന വിധം സംഘടന തെരഞ്ഞെടുപ്പു സമയക്രമം കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാഹുലിന്റെ സ്ഥാനാരോഹണത്തിലേക്കാണെത്തുക. അതിനിടയിൽ നടന്ന ശിബിരത്തിൽ രാഹുൽ സ്ഥാനം ഏറ്റെടുക്കണമെന്ന മുറവിളികൾ ഉയരുകയും അതിനോട് അനുകൂലമായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. അതിന്റെ തുടർച്ച കൂടിയായിരുന്നു സമാപന പ്രസംഗം.
ജി-23 സംഘത്തിൽ ഉള്ളവരടക്കം രാഹുലിനെ എതിർക്കുന്ന ഒരു വിഭാഗം നേതൃനിരയിൽ ഉണ്ടെങ്കിലും, അതു വകവെക്കാൻ നെഹ്റു കുടുംബമോ വിശ്വസ്തരോ തയാറല്ല. രാഹുൽ വീണ്ടും ദൗത്യം ഏറ്റെടുത്താൽ മുഴുസമയ പ്രവർത്തനം നടത്തുകയും സഖ്യകക്ഷികൾക്കിടയിൽ വിശ്വാസ്യത നേടിയെടുക്കുകയും വേണമെന്ന കാഴ്ചപ്പാട് ഇതിനിടയിൽ നേതാക്കളിൽ വലിയൊരു പങ്ക് പ്രകടിപ്പിക്കുന്നു.
രാഹുലിനൊപ്പം പ്രിയങ്കക്ക് നിർണായക റോൾ നൽകും. തെരഞ്ഞെടുപ്പു കാര്യങ്ങൾക്കായി രൂപവത്കരിക്കുന്ന സമിതിയുടെ നിയന്ത്രണം പ്രിയങ്കക്ക് നൽകിയേക്കും.
നേതൃത്വം പഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്ക് മാറുന്നുവെന്ന വ്യക്തമായ സൂചന നൽകിയാണ് ശിബിരം സമാപിച്ചത്. പദവികൾ പകുതിയും യുവാക്കൾക്ക് നീക്കിവെക്കുകയും പഴയ തലമുറ ഉപദേശക റോളിലേക്ക് മാറുകയുമാണ്. മുതിർന്നവരും യുവനിരയുമായുള്ള വടംവലിക്കൊടുവിൽ പാർട്ടിയുടെ കടിഞ്ഞാൺ യുവാക്കളിലേക്ക്. പിന്നാക്ക വിഭാഗങ്ങളിൽ കടന്നുകയറി വർഗീയത വളർത്തുന്ന ബി.ജെ.പിയെ ചെറുക്കാൻ വിവിധ ജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവർക്കിടയിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.