എതിരില്ലാതെ രാഹുൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ രാഹുൽ ഗാന്ധി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ രാഹുലിന് വേണ്ടിയല്ലാതെ ഒരു പത്രികപോലും ലഭിച്ചില്ല. സോണിയ ഗാന്ധിയിൽനിന്ന് രാഹുൽ ഗാന്ധിയിലേക്കുള്ള തലമുറ മാറ്റത്തിന് വഴിയൊരുക്കി മുതിർന്ന പാർട്ടി നേതാക്കളുടെയും സംസ്ഥാന ഘടകങ്ങളുടെയും വകയായി 89 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
കോൺഗ്രസ് ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെ തിങ്കളാഴ്ച രാവിലെ രാഹുൽ ഗാന്ധി ഒപ്പിട്ട് പത്രിക കൈമാറി. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ, സംസ്ഥാന കോൺഗ്രസ് ഘടകങ്ങൾ എന്നിവർ നിർദേശകരായി വെവ്വേറെ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്ന കേരളത്തിൽനിന്നുള്ള മൂന്ന് സെറ്റ് പത്രികകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ ചേർന്ന് കൈമാറി. 89 പത്രികകളിലായി 890 പ്രതിനിധികളാണ് ഒപ്പിട്ടത്. പത്രിക സമർപ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ എതിരില്ലാതെ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുകൊണ്ട് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആക്ഷേപങ്ങൾക്കിടയിൽ, തെരഞ്ഞെടുപ്പു കമീഷൻ നിർദേശങ്ങൾ പാലിച്ച് ജനാധിപത്യപരമായ മാർഗത്തിൽ കോൺഗ്രസ് പ്രസിഡൻറിനെ തെരഞ്ഞെടുത്തുവെന്ന് ബോധ്യപ്പെടുത്താൻ ബാക്കി നടപടിക്രമങ്ങൾ കൂടി പാലിക്കുകയാണ് കോൺഗ്രസ്.
പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കുമെന്നും, അതിനു ശേഷം മത്സര രംഗത്തുള്ളവർ ആരൊക്കെയെന്ന് വെളിപ്പെടുത്താമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. പത്രിക പിൻവലിക്കാൻ ഇൗ മാസം 11 വരെ സമയമുണ്ട്. അതിനു ശേഷമാകും ഒൗപചാരിക പ്രഖ്യാപനം. സ്ഥാനമേൽക്കൽ ചടങ്ങ് ഇൗ മാസം നടത്തുന്ന എ.െഎ.സി.സി സമ്മേളനത്തിലാവും.
രാഹുൽ ഗാന്ധി അമരത്ത് എത്തുന്നതോടെ 19 വർഷമായി അധ്യക്ഷസ്ഥാനം വഹിക്കുന്ന സോണിയ ഗാന്ധി പിൻവാങ്ങുകയാണ്. അനാരോഗ്യം അലട്ടുന്ന സോണിയ രക്ഷാധികാരി സ്ഥാനത്തിരുന്ന് പാർട്ടിക്ക് ഉപദേശം നൽകും. അഞ്ചു വർഷമായി കോൺഗ്രസ് ഉപാധ്യക്ഷനാണ് രാഹുൽ ഗാന്ധി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുടെ അനുഗ്രഹം വാങ്ങിയാണ് രാഹുൽ പത്രിക നൽകാൻ എ.െഎ.സി.സി ആസ്ഥാനത്ത് എത്തിയത്. മൻമോഹനും സോണിയയും മറ്റു മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.