കാർഷിക നിയമങ്ങൾ നടപ്പായാൽ പിന്നെ കർഷകൻ കോർപറേറ്റ് അടിമ -രാഹുൽ ഗാന്ധി
text_fieldsചണ്ഡീഗഡ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ നടപ്പായാൽ പിന്നെ രാജ്യത്തെ കർഷകർ ഏതാനും കോർപറേറ്റുകളുടെ അടിമകളായി മാറുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ അവകാശങ്ങൾ തട്ടിപ്പറിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.
ലക്ഷക്കണക്കിന് കർഷകർ ഗ്രാമചന്തകളെ ആശ്രയിക്കുന്നുണ്ട്. ഗ്രാമചന്തകൾ ഇല്ലാതായിക്കഴിഞ്ഞാൽ ഇവർ പിന്നെ എങ്ങോട്ട് പോകും. നിങ്ങൾക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം, പക്ഷേ നിങ്ങളുടെ ഭൂമി തട്ടിയെടുക്കപ്പെടും എന്ന് രാഹുൽ ഒരിക്കൽ പറഞ്ഞിരുന്നുവെന്ന കാര്യം നിങ്ങൾ ഓർക്കണം.
നിങ്ങളുടെ ഭൂമി നഷ്ടമായാൽ, അതിൽ അവർ മാളുകളും ഫ്ലാറ്റുകളും പണിയും. എന്നാൽ, അത് സംഭവിക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ഈ പോരാട്ടത്തിൽ ഒരടി പോലും പിറകോട്ട് പോകില്ലെന്ന് ഞാൻ നിങ്ങൾക്ക് വാക്കുതരുന്നു. കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ നിയമങ്ങൾ റദ്ദാക്കുമെന്നും രാഹുൽ പറഞ്ഞു.
നേരത്തെ, രാഹുൽ ഗാന്ധി നയിക്കുന്ന കർഷക ട്രാക്ടർ റാലിയെ സംസ്ഥാന അതിർത്തിയിൽ ഹരിയാന അധികൃതർ തടഞ്ഞിരുന്നു. തിരികെ പോകില്ലെന്നും എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്നും രാഹുൽ നിലപാടെടുത്തു. തുടർന്ന്, ഒരു മണിക്കൂറിന് ശേഷം മൂന്ന് ട്രാക്ടറുകളെ മാത്രം കടത്തിവിടാൻ അനുവദിക്കുകയായിരുന്നു. തന്നെ തടഞ്ഞുവെച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങൾ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.