ഹിമന്തയും മിലിന്ദും കോൺഗ്രസ് വിട്ടു പോകേണ്ടവർ; നിതീഷ് സഖ്യം വിട്ടത് സമ്മർദം മൂലം, മമതയുമായി പ്രശ്നങ്ങളില്ല -രാഹുൽ ഗാന്ധി
text_fieldsകൊൽക്കത്ത: ഹിമന്ത ശർമയെയും മിലിന്ദ് ദിയോറയെയും പോലുള്ളവർ കോൺഗ്രസ് വിട്ടത് പൂർണമായി അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പശ്ചിമബംഗാളിലെത്തിയ രാഹുൽ ഡിജിറ്റൽ മീഡിയ വാരിയേഴ്സുമായി സംവദിക്കുകയായിരുന്നു. കോൺഗ്രസിന്റെ തകർച്ചയെ കുറിച്ചും ഒരുകാലത്ത് കോൺഗ്രസ് സഹയാത്രികനായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഹിമന്തയെയും മിലിന്ദിനെയും പോലുള്ള വ്യക്തികൾ പാർട്ടി വിട്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹിച്ചതെന്നും രാഹുൽ വ്യക്തമാക്കി. ഒരു പ്രത്യേക തരത്തിലുള്ള രാഷ്ട്രീയത്തെയാണ് ഹിമന്ത പ്രതിനിധീകരിക്കുന്നതെന്നും അതല്ല, കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മുസ്ലിംകളെ കുറിച്ച് ഹിമന്ത നടത്തിയ പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഞാൻ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില മൂല്യങ്ങളുണ്ട്. -രാഹുൽ പറഞ്ഞു.
അസമിലൂടെ ജോഡോ യാത്ര കടന്നുപോയപ്പോൾ രാഹുലും ഹിമന്തയും തമ്മിൽ കടുത്ത വാഗ്തർക്കമാണ് നടന്നത്. ഗുവാഹത്തിയിൽ രാഹുൽ പര്യടനം നടത്തുന്നത് തടയുക പോലും ചെയ്തു. ഹിമന്തയെ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ മുഖ്യമന്ത്രി എന്നാണ് രാഹുൽ വിളിച്ചത്.
മിലിന്ദും ഹിമന്തയെ പോലെയാണ് സംസാരിക്കാറുള്ളത്. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു മിലിന്ദ് പാർട്ടി വിട്ട് ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേർന്നിരുന്നു. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തെ ചൊല്ലി ഇൻഡ്യ സഖ്യവുമായുള്ള തർക്കത്തെ തുടർന്നായിരുന്നു അത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കാൻ ധാരണയിലെത്തിയിരുന്നു. മുംബൈ സൗത്തിൽ നിന്ന് മത്സരിക്കാനായിരുന്നു മിലിന്ദ് ദിയോറയുടെ ആഗ്രഹം. എന്നാൽ അത് നടക്കില്ലെന്നുറപ്പായപ്പോൾ ഷിൻഡെക്കൊപ്പം ചേരുകയായിരുന്നു. മുംബൈ സൗത്തിലെ സീറ്റ് ഉദ്ധവ് പക്ഷത്തിന് നൽകാനായിരുന്നു ധാരണ. കടുത്ത സമ്മർദം മൂലമാണ് നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് മടങ്ങിയത് എന്നും രാഹുൽ അവകാശപ്പെട്ടു. ''ലാലുജിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. തേജസ്വി യാദവിനെ ചോദ്യം ചെയ്യുന്നു. ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നു. കെജ്രിവാളിന് നിരന്തരം സമൻസയക്കുന്നു. എന്നെ 55മണിക്കൂറോളം ചോദ്യം ചെയ്തു. അപ്പോൾ ഒരു സമ്മർദവുമില്ലാതെയാണ് നിതീഷ് സഖ്യം വിട്ടത് എന്ന് കരുതാനാവില്ല.''-രാഹുൽ പറഞ്ഞു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അവർ ഇൻഡ്യ സഖ്യത്തിനൊപ്പമാണെന്നും രാഹുൽ ഉറപ്പു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.