'എന്ത് സംഭവിച്ചാലും കരയരുതെന്ന് അവർ പറഞ്ഞു'; ഇന്ദിരയുടെ ചരമദിനത്തിൽ വികാരനിർഭരമായ വിഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ചരമദിനത്തിൽ വികാരനിർഭരമായ വിഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിനരികെ രാഹുൽ പൊട്ടിക്കരയുന്നത് വിഡിയോയിൽ കാണാം.
തനിക്ക് നഷ്ടപ്പെട്ടത് സൂപ്പർ മോമിനെയാണെന്ന് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ രാഹുൽ പറയുന്നു. പിതാവ് രാജീവ് ഗാന്ധി ദേഷ്യപ്പെടുേമ്പാഴെല്ലാം അവരായിരുന്നു തന്നെ സംരക്ഷിച്ചിരുന്നത്. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതും വിഡിയോയിൽ കാണാം.
'അവർ (ഇന്ദിരാ ഗാന്ധി) മരിക്കുന്ന ദിവസം രാവിലെ എന്നോട് പറഞ്ഞു, തനിക്ക് എന്ത് സംഭവിച്ചാലും കരയരുത്. അവർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. 2-3 മണിക്കൂർ കഴിഞ്ഞ് അവർ മരിച്ചു. താൻ കൊല്ലപ്പെടുമെന്ന് അവർക്ക് സൂചനയുണ്ടായിരുന്നു. വീട്ടിലെ എല്ലാവർക്കും ഇത് അറിയാമായിരുന്നു'- രാഹുൽ തന്‍റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
'ആ ദിവസം തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ രണ്ടാമത്തെ ദിനമായിരുന്നു. അവർ ഒരിക്കൽ ഞങ്ങളോട് ഡൈനിംഗ് ടേബിളിൽ വെച്ച് പറഞ്ഞു, ഒരു രോഗം ബാധിച്ച് മരിക്കുന്നതാണ് ഏറ്റവും വലിയ ശാപമെന്ന്. അവരുടെ വീക്ഷണകോണിൽ, രാജ്യത്തിന് വേണ്ടി ജീവൻ വെടിയലാണ് മരിക്കാനുള്ള ഏറ്റവും നല്ല മാർഗം' -രാഹുൽ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥലിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തന്‍റെ മുത്തശ്ശി അവസാന നിമിഷം വരെ നിർഭയമായി രാജ്യത്തെ സേവിച്ചുവെന്നും അവരുടെ ജീവിതം നമുക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.