‘എൻജിനീയർ’ ചുമട്ടുതൊഴിലാളി; അമ്പരപ്പ് പങ്കുവെച്ച് രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചുമട് എടുക്കുന്നവരിൽ എൻജിനീയറിങ് പഠിച്ചവരും. റെയിൽവേ പോർട്ടർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ദിവസം അവർക്കൊപ്പം സമയം ചെലവിട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് സംസാരിച്ചവരുടെ കൂട്ടത്തിൽ എൻജിനീയറിങ് കോഴ്സിന് പഠിച്ച ചുമട്ടു തൊഴിലാളിയും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഹുൽ കഴിഞ്ഞ 21നാണ് ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തിയത്. അവരുമായി നടത്തിയ സംഭാഷണത്തിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. എൻജിനീയറിങ് കോഴ്സ് കഴിഞ്ഞാണ് ചുമടെടുപ്പ് തുടങ്ങിയതെന്ന് അവരിലൊരാൾ രാഹുലിനോട് പറയുന്നതും വിഡിയോയിലുണ്ട്.
ചുമട്ടുതൊഴിലാളികൾക്ക് ശമ്പളം, പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവയൊന്നും ഇല്ലാത്ത സ്ഥിതി രാഹുൽ ചൂണ്ടിക്കാട്ടി. അവരുമായി അടുത്ത് ഇടപഴകിയപ്പോൾ അവരുടെ ജീവിത പ്രാരബ്ധങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി. അത്യധ്വാനം ചെയ്യുന്ന ജനവിഭാഗമാണ് ചുമട്ടു തൊഴിലാളികൾ. തലമുറകളായി യാത്രക്കാരെ സഹായിച്ച് അവർ ജീവിതം മുന്നോട്ടു നീക്കുന്നു. അവർക്ക് അധികമൊന്നും പുരോഗതി നേടാൻ കഴിഞ്ഞിട്ടില്ല.
ചുമടെടുപ്പ് ജീവനോപാധിയാക്കിയവർ ലക്ഷങ്ങളാണ്. അവരിൽ വിദ്യാസമ്പന്നർ ഏറെയുണ്ട്. മുമ്പൊരിക്കലും കാണാത്ത തൊഴിലില്ലായ്മയാണ് അതിനു കാരണം. ഒരു ദിവസം പണിക്കൂലിയായി 500 രൂപ കിട്ടിയാൽ കുടുംബ ചെലവിന് തികയില്ല. അതിനിടയിൽ സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ വയ്യ. ഈ കാലവും കടന്നു പോകുമെന്ന പ്രതീക്ഷയാണ് അവരെ നയിക്കുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.