ഭാരത് ജോഡോ യാത്രയിൽ സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധി സൂക്ഷിച്ച് സംസാരിക്കണമെന്ന് ശിവസേന
text_fieldsമുംബൈ: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറിനെതിരെ നടത്തിയ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ശിവസേന.
രാഹുൽ ഗാന്ധി സൂക്ഷിച്ച് സംസാരിക്കണമെന്ന് ശിവസേന നേതാവ് മനീഷ കയാണ്ഡെ മുന്നറിയിപ്പ് നൽകി.
സവർക്കറിനെതിരായ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് രാഹുൽ ഗാന്ധി ചിന്തിക്കണം. സവർക്കറെ കുറിച്ചുള്ള ശിവസേനയുടെ അഭിപ്രായത്തിന് മാറ്റമില്ല. അത് എന്നും അങ്ങനെ തന്നെയായിരിക്കും. രാഹുൽ ഗാന്ധി ഇത്തരം പ്രസ്താവന നടത്തുന്നത് സ്വയം നിർത്തണം - കയാണ്ഡെ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നയിക്കുന്ന ഗാന്ധി, കർണാടകയിലെ റാലിയിൽ, സ്വാതന്ത്ര്യ സമര കാലത്ത് സവർക്കർ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും അതിനായി അദ്ദേഹത്തിന് പണം ലഭിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ആർ.എസ്.എസും ബ്രിട്ടീഷ് രാജിനെ പിന്തുണക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നുവെന്ന് ശിവസേന കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാഷ്ട്രീയ സ്വയംസേവക് സംഘ് നേതാവ് ഇന്ദ്രേഷ് കുമാറും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ചിരുന്നു. വസ്തുതകളുടെ പിൻബലമില്ലാതെ സംസാരിക്കുന്നതിന് പേരുകേട്ട ആളാണ് കോൺഗ്രസ് എം.പിയെന്നും രാഷ്ട്രീയത്തിലെ പരാജയത്തിന്റെ നിരാശ ഇങ്ങനെ പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറിനേയും ആർ.എസ്.എസിനേയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന നുണയാണ്. ആർ.എസ്.എസിനും സവർക്കറിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസിന് ഫാഷനായി മാറിയിട്ടുണ്ട്. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും ബ്രിട്ടീഷുകാർ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ടെന്നും കുമാർ എ.എൻ.ഐയോട് പറഞ്ഞു. രാഹുൽ ഗാന്ധി നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു. ഇന്ത്യാ വിഭജനത്തിൽ ബ്രിട്ടീഷുകാരെ പിന്തുണച്ചത് നെഹ്‌റുവാണ്. അവർ ഗാന്ധി കുടുംബമല്ല. യഥാർഥത്തിൽ നെഹ്‌റു കുടുംബമാണ്. രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ പരാജയം നിരാശയായി രൂപപ്പെട്ടതാണ് ഈ പരാമർശങ്ങൾ - ആർ.എസ്.എസ് നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.