ദുരന്തത്തിന് കാരണക്കാർ റെയിൽവേയും കേന്ദ്രസർക്കാറുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: തിരക്കിൽപ്പെട്ട് കുംഭമേളക്ക് പോകാനിരുന്ന 18 പേർ മരിച്ച ദുരന്തത്തിന് കാരണക്കാർ റെയിൽവേയും കേന്ദ്രസർക്കാറുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കടുത്ത ദുഃഖമുണ്ടാക്കുന്നതാണ് സംഭവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മരിച്ചവർക്ക് അനുശോചനമറിയിച്ച രാഹുൽ ഗാന്ധി അപകടത്തിന് കാരണം ഇന്ത്യൻ റെയിൽവേയുടെയും കേന്ദ്രസർക്കാർ കെടുകാര്യസ്ഥതയാണെന്നും പറഞ്ഞു.
പ്രയാഗ്രാജിലേക്ക് വൻതോതിൽ ആളുകൾ പോകുമ്പോൾ മികച്ച മുന്നൊരുക്കം നടത്തണമായിരുന്നു. ആർക്കും മുന്നൊരുക്കത്തിലെ അപര്യാപ്തത മൂലം ജീവൻ നഷ്ടപ്പെടാൻ പാടില്ല. റെയിൽവേയാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും പറഞ്ഞു.
ട്രെയിനിന്റെ പാളംതെറ്റലുകൾ, മറ്റ് അപകടങ്ങൾ എന്നിവയിലെല്ലാം ജനങ്ങൾക്ക് ജീവൻ നഷ്ടമാവുമ്പോഴും ടിക്കറ്റ് നിരക്ക് ഉയർത്തുന്നതല്ലാതെ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു സൗകര്യവും റെയിൽവേ നൽകുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. ഒരു ദിവസം അഞ്ചു ലക്ഷം വരെ ആളുകൾ യാത്ര ചെയ്യുന്നതാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ.
പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.