രാഹുലും സ്റ്റാലിനും സുപ്രിയയെ വിളിച്ചു; ശരദ് പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യം
text_fieldsനാസിക്: അപ്രതീക്ഷിതമായാണ് എൻ.സി.പി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ശരദ് പവാർ പ്രഖ്യാപിച്ചത്. ഇതറിഞ്ഞയുടൻ തന്നെ പിതാവിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എൻ.സി.പി അംഗവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയെ ഫോണിൽ വിളിച്ചു.
എൻ.സി.പിയിലെ രണ്ട് മുതിർന്ന അംഗങ്ങളാണ് ഈ വിവരം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ശരദ് പവാർ രാജി പ്രഖ്യാപനം നടത്തിയത്. മണിക്കൂറുകൾക്കകം സുപ്രിയയെ തേടി രാഹുലിന്റെയും സ്റ്റാലിന്റെയും വിളി എത്തി എന്നാണ് എൻ.സി.പി വൃത്തങ്ങൾ പറയുന്നത്. ഒരു സുപ്രഭാതത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരദ് പവാറിനെ പ്രേരിപ്പിച്ചതെന്താണെന്നും രാഹുൽ സുപ്രിയയോട് ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രിയയുടെ മറുപടി എന്തായിരുന്നുവെന്നത് പുറത്തുവന്നിട്ടില്ല.
''പവാറിന്റെ പെട്ടെന്നുണ്ടായ തീരുമാനത്തിനു പിന്നിൽ എന്താണെന്നായിരുന്നു രാഹുലിനും സ്റ്റാലിനും അറിയേണ്ടിയിരുന്നത്. പവാർ തീരുമാനം മാറ്റണമെന്നും അവർക്ക് അഭിപ്രായമുണ്ടായിരുന്നു.''-എൻ.സി.പി അംഗം പറഞ്ഞു. എൻ.സി.പിയുമായി ചേർന്നുപോകുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന അഭിപ്രായമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവാറിന്റെ തീരുമാനത്തെ കുറിച്ചറിയാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും വിളിച്ചതായി കഴിഞ്ഞ വർഷം എൻ.സി.പിയിൽ ചേർന്ന പി.സി. ചാക്കോയും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് താൻ പവാറിനോട് ആവശ്യപ്പെട്ടതെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.