ഭാരത് ജോഡോ യാത്രക്കിടെ 'മോദി-മോദി' മുദ്രാവാക്യങ്ങളുമായി ബി.ജെ.പി; ഫ്ലൈയിങ് കിസ് നൽകി രാഹുൽ ഗാന്ധി
text_fieldsഭോപാൽ: മധ്യപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകർക്ക് 'ഫ്ലൈയിങ് കിസ്' നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്ശ്രീറാമും മോദി സിന്ദാബാദും വിളിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർക്കരികിലെത്തി ഷെയ്ക് ഹാൻഡ് നൽകിയായിരുന്നു മുദ്രാവാക്യങ്ങളോട് രാഹുലിന്റെ മറുപടി.
ഭാരത് ജോഡോ യാത്ര എ.ബി റോഡിലെത്തിയപ്പോഴായിരുന്നു വ്യവസായിയായ മുകേഷ് ദൂബെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ 'മോദി-മോദി' മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകരെ കണ്ട രാഹുൽ അവർക്കരികിൽ വാഹനം നിർത്തി എല്ലാവർക്കും ഹസ്തദാനം നൽകി. ഇതിനിടെ പ്രവർത്തകർ ജയ് ശ്രീറാമും മുഴക്കി. തിരികെ വാഹനത്തിൽ കയറിയ രാഹുൽ ഗാന്ധി ബി.ജെ.പി പ്രവർത്തകരെ നോക്കി ഫ്ലൈയിങ് കിസും നൽകിയാണ് മടങ്ങിയത്.
രാഹുൽ ഗാന്ധിയോട് എന്താണ് സംസാരിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തെ തങ്ങൾ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തതാണെന്നും കോൺഗ്രസ് നേതാവിന് ഉരുളക്കിഴങ്ങുകൾ സമ്മാനമായി നൽകിയെന്നുമായിരുന്നു ദൂബെയുടെ പ്രതികരണം.
ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടങ്ങിയത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമെത്തിയ രാഹുലിന് മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ജിതു പട്‌വാരിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ നിന്നാണ് യാത്ര പുനരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. മാർച്ച് ആറുവരെ മൊറേന, ഗ്വാളിയോർ, ഗുണ, രാജ്ഗഡ്, ഷാജാപുർ, ഉജ്ജെയിൻ, ധാർ, രത്‌ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.