ബ്രിട്ടീഷുകാരെപ്പോലെ ബി.ജെ.പിയും ഭിന്നിപ്പിച്ച് ഭരിക്കുന്നു -രാഹുൽ ഗാന്ധി
text_fieldsകന്യാകുമാരി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ പേടിപ്പിക്കാമെന്നത് വ്യാമോഹമാണെന്നും ബ്രിട്ടീഷുകാരെപ്പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബി.ജെ.പിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഭാരത് ജോഡോ' യാത്രക്ക് തുടക്കം കുറിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നത്. അത് ഈ രാജ്യത്ത് വിലപ്പോകില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷം ഇത്തരമൊരു യാത്ര രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ ആഗ്രഹിക്കുന്നു.
ഫലത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണിത്. ഇന്ത്യയുടെ ദേശീയപതാകക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ, പതാക തങ്ങളുടെ സ്വന്തമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്നത്. ഇന്ത്യയുടെ ദേശീയപതാക പ്രതിനിധീകരിക്കുന്ന നിറങ്ങളും അശോകചക്രവുമെല്ലാം രാജ്യത്തിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. നീണ്ട പോരാട്ടത്തിനു ശേഷം നമ്മുടെ കൈയിൽ ലഭിച്ചതാണത്.
എതിർകക്ഷി നേതാക്കളെ സി.ബി.ഐ, കസ്റ്റംസ്, ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്.
എന്നാൽ, എത്ര മണിക്കൂർ വേണമെങ്കിലും അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് അവർ ചോദ്യം ചെയ്യട്ടെ. ഒരു പ്രതിപക്ഷ നേതാവ് പോലും അത് കണ്ട് പേടിക്കില്ല. ഇന്ത്യൻ ജനതയും ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നവോത്ഥാനത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി
കന്യാകുമാരി: ഇന്ത്യൻ രാഷ്ട്രീയത്തിൽ നവോത്ഥാനത്തിന്റെ തുടക്കമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മനസ്സ് കൊണ്ട് യാത്രക്കൊപ്പമാണ്. കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുകയാണെന്നും സോണിയ ഗാന്ധി സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.